തിരുവനന്തപുരം: എൻ.എൻ. കൃഷ്ണദാസിനെ തിരുത്താനും നിലയ്ക്ക് നിർത്താനും തയാറാവണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്തെഴുതി. മാധ്യമങ്ങള്‍ പട്ടികളെപ്പോലെ ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുതിർന്ന രാഷ്ട്രീയ പ്രവർത്തകൻ ആണെങ്കിലും മാന്യമായ പെരുമാറ്റം ഇനിയും പ്രതീക്ഷിക്കുന്നതില്‍ അർത്ഥമില്ലാത്ത വിധത്തിലാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും കത്തില്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പ് പോരാട്ട മുഖത്ത് നില്‍ക്കുന്ന സന്ദർഭത്തില്‍ മാധ്യമ പ്രവർത്തകരെ തെരുവില്‍ ഇറക്കുന്നത് എത്രമാത്രം ഉചിതമായിരിക്കും എന്നും നേതൃത്വം ആലോചിക്കേണ്ടതുണ്ടെന്നും കെയുഡബ്ല്യുജെ ഓര്‍മ്മിപ്പിച്ചു. ഏത് രാഷ്ട്രീയ പാർട്ടിയെയും ശരിതെറ്റുകള്‍ നോക്കി മാത്രം സമീപിക്കുന്ന മാധ്യമങ്ങള്‍ തുടരുന്ന സ്വതന്ത്ര നിലപാടാണ് കേരളത്തിന്‍റെ ജനാധിപത്യ ബോധത്തെ ശക്തമായി നിലനിർത്തുന്നത്. ഈകാര്യം ഉന്നത കമ്യൂണിസ്റ്റ് നേതാക്കള്‍ തന്നെ എക്കാലവും ആവർത്തിച്ച് അംഗീകരിക്കുന്നതാണെന്നും കത്തില്‍ പറയുന്നു.