വിശ്വപ്രസിദ്ധമായ മണ്ണാറശാല ആയില്യം മഹോത്സവം ഇന്ന്

വിശ്വപ്രസിദ്ധമായ മണ്ണാറശാല ആയില്യം മഹോത്സവം ഇന്ന്
alternatetext

ഹരിപ്പാട്: മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യം മഹോത്സവം ഇന്ന്. പാരമ്ബര്യവിധി പ്രകാരം ആയില്യം നാളില്‍ ക്ഷേത്ര ശ്രീകോവിലില്‍ പൂജകള്‍ക്ക് നേതൃത്വ വഹിക്കുന്നത് കുടുംബകാരണവരാണ്. കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്ബൂതിരിയുടെ മുഖ്യകാർമികത്വത്തില്‍ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തിയുള്ള പൂജ ആരംഭിക്കും. അഭിഷേകം, ഉഷപൂജ, കലശാഭിഷേകം എന്നിവയ്‌ക്ക് ശേഷമാകും ഇത്. രാവിലെ എട്ടിന് വലിയമ്മ സാവിത്രി അന്തർജനം മണ്ണാറശാല ഇല്ലത്തെ പുരാതന നിലവറയുടെ തെക്കേത്തളത്തില്‍ ഭക്തർക്ക് ദർശനം നല്‍കും.

ഉച്ചപൂജയ്‌ക്ക് ശേഷം നിലവറയോട് ചേർന്ന തളത്തില്‍ ശംഖ്, കുരവ എന്നിവയുടെ അകമ്ബടിയോടെ ആയില്യം പൂജയ്‌ക്കായി നാഗപത്മക്കളം വരയ്‌ക്കും. കളംപൂർത്തിയാകുമ്ബോള്‍ അമ്മ തീർത്ഥകുളത്തില്‍ കുളിച്ച്‌ ക്ഷേത്രത്തിലേക്കെത്തും. ഇളയമ്മയും കുടുംബത്തിലെ ഏറ്റവും മുതിർന്ന കാരണവന്മാരും അമ്മയെ അനുഗമിക്കും. അമ്മ് ശ്രീകോവിലില്‍ പ്രവേശിച്ച ശേഷം കുത്തുവിളക്കിലേക്ക് ദീപം പകരും.

തുടർന്ന് അമ്മ നാഗരാജാവിന്റെ വാസുകീ ഭാവത്തിലുള്ള തിരുവാഭരണവും നാഗഫണവും ഇളയമ്മ സർപ്പയക്ഷി അമ്മയുടെയും കാരണവന്മാർ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ വിഗ്രഹങ്ങളുമായി ക്ഷേത്രത്തിന് വലംവച്ച്‌ ഇല്ലത്തേക്കെത്തുന്ന ആയില്യം എഴുന്നള്ളത്ത് നടക്കും. തട്ടിന്മേല്‍ നൂറുംപാലും നടക്കുന്നതോടെ ചടങ്ങുകള്‍ പൂർത്തിയാകും. രാവിലെ പത്ത് മണി മുതല്‍ മഹാപ്രസാദമൂട്ട് ആരംഭിക്കും. ഇന്നലെ ആയിരങ്ങളാണ് പൂയം തൊഴാൻ എത്തിയത്‌. ആയില്യം മഹോത്സവം പ്രമാണിച്ച്‌ ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബർ 26ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.