പാലക്കാട്: ‘ഇൻസുലിൻ’ എന്ന പേരില്‍ ഗുളികരൂപത്തില്‍ ഇറക്കിയിരുന്ന ഹോമിയോ മരുന്നിന്റെ ലൈസൻസ് റദ്ദാക്കി. പ്രമേഹത്തിന് ഉപയോഗിക്കുന്ന ഇൻസുലിനായി തെറ്റിദ്ധരിപ്പിക്കുന്നെന്ന് പരാതി ഉയർന്ന ഈ ഗുളികയുടെ ലൈസൻസ് പുതുക്കാൻ അപേക്ഷ നല്‍കിയിട്ടില്ലെന്നും ലൈസൻസ് റദ്ദാക്കിയെന്നും രാജസ്ഥാൻ ഡ്രഗ്സ് കണ്ട്രോളർ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഓഫിസ് വഴി പരാതി നല്കിയ ജനകീയാരോഗ്യപ്രവർത്തകൻ ഡോ. കെ.വി. ബാബുവിനെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24നാണ് ഡോ. ബാബു ഡ്രഗ്സ് കണ്ട്രോളർ ജനറലിന് പരാതി നല്‍കിയത്. പരാതി അംഗീകരിച്ച ഡ്രഗ്സ് കണ്ട്രോള് ജനറലും ആയുഷ് മന്ത്രാലയവും രാജസ്ഥാൻ ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് കണ്‍ട്രോളറോട് നടപടിക്ക് നിർദേശിച്ചു.
എന്നാല്‍, നിർദേശം രാജസ്ഥാൻ ഡ്രഗ്സ് കണ്ട്രോളർ തള്ളി. ജൂലൈ 23ന് ഡ്രഗ്സ് കണ്ട്രോള് ജനറല്‍ വീണ്ടും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാല്‍ ഡോ. ബാബു സെപ്റ്റംബർ 23ന് പ്രധാനമന്ത്രിയുടെ ഓഫിസില്‍ പരാതി നല്കി. തുടർന്നാണ് ഈ ഗുളികയുടെ ലൈസൻസ് പുതുക്കാൻ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് രാജസ്ഥാൻ ഡ്രഗ്സ് കണ്ട്രോളർ വ്യക്തമാക്കിയത്.
ഇക്കാര്യം ബുധനാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസ് ഡോ. ബാബുവിനെ അറിയിച്ചു. ഇൻസുലിൻ എന്ന പേരിലുള്ള ഗുളിക പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും ഇത് ഉപയോഗിക്കുന്നതിലൂടെ പ്രമേഹം മൂർച്ഛിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയതെന്ന് ഡോ. കെ.വി. ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.