കൂത്താട്ടുകുളം: സോഷ്യൽ മീഡിയയിലൂടെ സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്ന വാർത്തകൾ നിരന്തരം വന്നു കൊണ്ടിരിക്കുമ്പോഴും, ചതിക്കുഴികളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകുമ്പോഴും ടെലഗ്രാം ആപ്പിലൂടെ ഒരു കോടിയിൽപ്പരം രൂപ നഷ്ടപ്പെടുത്തിയ യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.
ക്രിപ്റ്റോ കറൻസിയുടെ പേരിൽ ടെലഗ്രാം അക്കൗണ്ടിൽ ചേർത്ത കൂത്താട്ടുകുളം സ്വദേശിയായ യുവാവിന് നാല്പതു ശതമാനം പലിശ വാഗ്ദാനം നൽകിയാണ് ഒരു മാസത്തിനിടെ പലപ്പോഴായി ഒരു കോടി ഇരുപതു ലക്ഷം രൂപ അജ്ഞാതസംഘം തട്ടിയെടുത്തത്. ടെലഗ്രാം ഗ്രൂപ്പ് വഴി യുവാവിന്റെ വാലറ്റിൽ പണവും പലിശയും എത്തിയ രേഖകളെല്ലാം കാണിച്ചെങ്കിലും പിൻവലിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ചതി തിരിച്ചറിഞ്ഞത്.
യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കൂത്താട്ടുകുളം പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ സമാന രീതിയിൽ ധാരാളം പേർ കെണിയിൽ പെട്ടതായി പറഞ്ഞു.