അപ്പര്‍ ചെങ്കുളം ജലവൈദ്യുത പദ്ധതി: നിര്‍മാണോദ്ഘാടനം ഇന്ന്

അപ്പര്‍ ചെങ്കുളം ജലവൈദ്യുത പദ്ധതി: നിര്‍മാണോദ്ഘാടനം ഇന്ന്
alternatetext

ഇടുക്കി: അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ നിർമാണോദ്ഘാടനം ഇന്ന് 2.30ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. ആനച്ചാല്‍ ശ്രീ അയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എ. രാജ എംഎല്‍എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, എം.എം. മണി എംഎല്‍എ എന്നിവർ പ്രസംഗിക്കും.

നിർമാണപ്രവൃത്തികള്‍ പൂർത്തീകരിക്കുന്ന പള്ളിവാസല്‍ എക്സ്റ്റൻഷൻ സ്കീം, നിർമാണം പുരോഗമിക്കുന്ന ചെങ്കുളം ഓഗ്മെന്‍റേഷൻ സ്കീം എന്നിവിടങ്ങളില്‍നിന്നും ചെങ്കുളം ജലാശയത്തിലെത്തുന്ന അധികജലം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 24 മെഗാവാട്ട് സ്ഥാപിത ശേഷിയും 53.22 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുമുള്ളതാണ് പദ്ധതി.

ഒന്നാംഘട്ടത്തില്‍ 2658.91 മീറ്റർ നീളവും 3.30 മീറ്റർ വ്യാസവുമുള്ള ടണല്‍, 24.8 മീറ്റർ നീളവും 24.6 മീറ്റർ വീതിയും അഞ്ച് മീറ്റർ ആഴവുമുള്ള ഇൻടേക്ക്, 10 മീറ്റർ വ്യാസമുള്ള സർജ്, 2.8 മീറ്റർ വ്യാസവും 985.14 മീറ്റർ നീളവുമുള്ള പ്രഷർ ഷാഫ്റ്റ്, പവർഹൗസ്, അനുബന്ധ സ്വിച്ച്‌ യാർഡ് എന്നിവയാണ് നിർമിക്കുന്നത്.

നെടുങ്കണ്ടത്ത് പുതുതായി നിർമാണം പൂർത്തിയാക്കിയ മിനി വൈദ്യുതി ഭവനത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ എം.എം.മണി എംഎല്‍എ അധ്യക്ഷത വഹിക്കും. വാടകക്കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന നെടുങ്കണ്ടം ഇലക‌്ട്രിക്കല്‍ സെക്‌ഷൻ, ഇലക‌്ട്രിക്കല്‍ സബ് ഡിവിഷൻ ഓഫീസുകള്‍ കൂടാതെ ട്രാൻസ്ഗ്രിഡിന്‍റെ മൂന്ന് ഓഫീസുകളാണ് ഒരേ മേല്‍ക്കൂരയ്ക്ക് കീഴിലാവുന്നത്.