തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ കേരളം രംഗത്ത്

തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ കേരളം രംഗത്ത്
alternatetext

തൃശൂർ : തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ ഉത്തരവിനെതിരെ കേരളം രംഗത്ത്. കേന്ദ്രത്തിന്റെ ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നതാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഒരു കാരണവശാലും അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്ര സർക്കാരിന്റേതെന്ന് മന്ത്രി പറഞ്ഞു. ഉത്തരവിലെ 35 നിയന്ത്രണങ്ങളില്‍ അഞ്ചെണ്ണം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂർണമായും ഉള്‍ക്കൊണ്ടാല്‍ തൃശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിൻകാട് മൈതാനത്ത് വച്ച്‌ കരിമരുന്ന് പ്രയോഗം നടത്താനാവില്ലെന്ന് മന്ത്രി പറഞ്ഞു, 35 നിയന്ത്രണങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാനാകുന്നതാണ്. എന്നാല്‍ അഞ്ച് നിബന്ധനകള്‍ ഒരു കാരണവശാലും അംഗീകരിക്കൻ സാധിക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂർ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരം തകർക്കാനുള്ള ശ്രമമായി മാത്രമേ കാണാനാകൂ എന്നും മന്ത്രി പറഞ്ഞു. ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുമെന്ന് കാണിച്ച്‌ കേന്ദ്രത്തിന് കത്തയച്ചതായും മന്ത്രി വ്യക്തമാക്കി.

വെടിക്കെട്ടുപുരയില്‍നിന്ന് 200 മീറ്റർ അകലെവേണം വെടിക്കെട്ട് നടത്താനെന്ന നിബന്ധന വന്നതോടെ തേക്കിൻകാട് മൈതാനിയില്‍ എന്നല്ല, തൃശ്ശൂർ റൗണ്ടില്‍പ്പോലും ഇതു നടത്താനാകാത്ത സ്ഥിതിയാകും. വെടിക്കെട്ടുപുരയില്‍നിന്ന് വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്കുള്ള ദൂരം ഇതുവരെ 45 മീറ്ററായിരുന്നു. അവിടെനിന്ന് 100 മീറ്റർ അകലെയാണ് കാണികളെ അനുവദിച്ചിരുന്നത്. ഇത്തരത്തില്‍ 145 മീറ്റർ ദൂരപരിധി പാലിക്കുമ്ബോള്‍ത്തന്നെ റൗണ്ടില്‍ കാണികള്‍ക്ക് നില്‍ക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.പുതിയ നിയമഭേദഗതിയനുസരിച്ച്‌ കുറേക്കൂടി നീങ്ങിമാത്രമേ വെടിക്കെട്ട് നടത്താനാകൂ. നിറയെ കെട്ടിടങ്ങളുള്ള സ്ഥലമായതിനാല്‍ ഇത് സാധ്യവുമല്ല.

ഇതിനാല്‍ ഈ നിയമഭേദഗതി നിലനില്‍ക്കുമ്ബോള്‍ തൃശ്ശൂർ പൂരം വെടിക്കെട്ട് നടത്തുക പ്രയാസമാണ്. വെടിക്കെട്ടിനെ കുറിച്ച്‌ യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവ് ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു