ഗവർണർക്കുമുന്നില്‍ വിശദീകരണം നല്‍കാൻ ഉദ്യോഗസ്ഥർ ഇനി രാജ്ഭവനിലേക്ക് വരണ്ടതില്ലെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഗവർണർ നിർദേശിച്ചു.മുഖ്യമന്ത്രിയും മന്ത്രിമാരും വന്നാല്‍ മതിയെന്നാണ് ഗവർണർ പറഞ്ഞത്.
നിയമനിർമാണത്തിനുള്ള കരട് ബില്ലുകളിലും ഓർഡിനൻസിലും വിശദീകരണം നല്‍കാൻ ചീഫ് സെക്രട്ടറിയെയും വകുപ്പ് സെക്രട്ടറിമാരെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിക്കാറുണ്ട്. ഔദ്യോഗിക, നിയമ തലങ്ങളില്‍ വിശദീകരണം നല്‍കാൻ മന്ത്രിമാരെക്കാള്‍ വകുപ്പ് സെക്രട്ടറിമാർക്കാണ് കഴിയുക. മിക്കപ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ ഗവർണറെ സന്ദർശിക്കുമ്ബോള്‍ വകുപ്പ് സെക്രട്ടറിമാരെ കൂട്ടാറുമുണ്ട്.
രണ്ടാഴ്ചമുൻപും ഓർഡിനൻസില്‍ വിശദീകരണം നല്‍കാൻ ചീഫ് സെക്രട്ടറിയെയും നിയമസെക്രട്ടറിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിവാദപരാമർശത്തില്‍ വിശദീകരണംതേടി സെപ്റ്റംബർ 10-ന് താൻ കത്തുനല്‍കിയെങ്കിലും ഒക്ടോബർ എട്ടിന് മാത്രമാണ് മറുപടിനല്‍കിയതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോടു പറഞ്ഞു. കത്ത് അവഗണിക്കുകയും തന്നില്‍നിന്ന് വിവരങ്ങള്‍ മറച്ചുവെക്കുകയുമായിരുന്നെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഈ സാഹചര്യത്തിലാണ് താൻ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രി രാജ്ഭവന് വിശദീകരണം നല്‍കുന്നില്ലെന്നുമാത്രമല്ല ഉദ്യോഗസ്ഥരെ അതിന് അനുവദിക്കുന്നുമില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം രാഷ്ട്രപതിയെ അറിയിക്കുക തന്റെ ഉത്തരവാദിത്വമാണ്. ദേശവിരുദ്ധപ്രവർത്തനം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത് മുഖ്യമന്ത്രിയാണ്. ഇക്കാര്യം തന്നെ അറിയിക്കാത്തതെന്താണെന്നാണ് താൻ ചോദിച്ചത് -ഗവർണർ പറഞ്ഞു.