എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
alternatetext

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. ഒന്‍പത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് ഇക്കുറി നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്.

ചുണ്ടന്‍ വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. രാവിലെ പതിനൊന്ന് മുതല്‍ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങള്‍. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം.

വള്ളംകളിയോടനുബന്ധിച്ച്‌ സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങള്‍ക്കുമായും പുന്നമടയിലും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച്‌ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ 17 ഡിവൈഎസ്പി, 41 ഇന്‍സ്‌പെക്ടര്‍, 355 എസ്‌ഐ എന്നിവരുള്‍പ്പെടെ 1,800 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

കരയിലേത് എന്ന പോലെ തന്നെ പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 47 ബോട്ടുകളിലായി പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.