അരീയ്ക്കൽ വെള്ളച്ചാട്ടം കാണാൻ പോയ വിദ്യാർത്ഥികളുടെ കാർ ബസുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.

അരീയ്ക്കൽ വെള്ളച്ചാട്ടം കാണാൻ പോയ വിദ്യാർത്ഥികളുടെ കാർ ബസുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
alternatetext

മൂവാറ്റുപുഴ: പിറവം അരീയ്ക്കൽ വെളളച്ചാട്ടം സന്ദർശിച്ച് മടങ്ങിയ കോളേജ് വിദ്യാർത്ഥികളുടെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കോളേജ് വിദ്യാർത്ഥി മരണപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മുവാറ്റുപുഴ മാറാടി എയ്ഞ്ചൽ വോയ്സ് ജംഗ്ഷനിൽ വച്ച് മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് കാറിലും എതിരെ വന്ന കെഎസ്ആർടിസി ബസിലും ഇടിച്ച് അപകടമുണ്ടായത്.

കാർ ഓടിച്ചിരുന്ന തൃശ്ശൂർ പൊറത്തിശ്ശേരി ചെല്ലിക്കര വീട്ടിൽ സുനിയുടെ മകൻ സിദ്ധാർത്ഥ്(19) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടു വിദ്യാർത്ഥികളെ ആലുവ രാജഗിരി ആശുപത്രിയിലും, മൂന്നുപേരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

കാർ പൂർണമായും തകർന്ന അപകടത്തെ തുടർന്ന് മൂവാറ്റുപുഴ – പിറവം റോഡിൽ ഉണ്ടായ ഗതാഗതസ്തംഭനം ഫയർഫോഴ്സിന്റെയും, പോലീസിന്റെയും ഏറെ നേരത്തെ ശ്രമഫലമായാണ് ഭാഗീകമായി മാറ്റാൻ സാധിച്ചത്. മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം മുവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.