ശബരിമല: സന്നിധാനത്ത് കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം. തമിഴ്നാട് സ്വദേശി അറസ്റ്റില്‍. ചിങ്ങമാസ പൂജയ്‌ക്കായി നട തുറന്നപ്പോഴാണ് മഹാകാണിക്കയുടെ മുൻപിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചത്. ജോലിക്കാരനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം.
തെങ്കാശി സ്വദേശി സുരേഷാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 20-നാണ് സംഭവം. നടയടച്ച ശേഷമാണ് ദേവസ്വം അധികൃതർക്ക് മോഷണവിവരം മനസിലായത്. ചുറ്റും പൊലീസ് കാവല്‍ നില്‍ക്കേ നടത്തിയ മോഷണം പൊലീസിനെയും ഞെട്ടിച്ചു.
പമ്ബയിലെയും സന്നിധാനത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. കന്നി മാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു.
അങ്ങനെയാണ് മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചത്. വർഷങ്ങളായി എല്ലാ മാസവും സുരേഷ് ശബരിമലയില്‍ വന്നിരുന്നു. പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെ ഈ മാസം ശബരിമലയിലെത്തിയില്ല. സംശയം തോന്നിയ പൊലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. പ്രതിയെ സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂർത്തിയാക്കി.