പ്രത്യേക ടിക്കറ്റ് ചെക്കിങ്: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്രം

പ്രത്യേക ടിക്കറ്റ് ചെക്കിങ്: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി കടുപ്പിക്കാൻ കേന്ദ്രം
alternatetext

ന്യൂഡല്‍ഹി: ഉത്സവ സീസണുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പരിശോധിക്കാൻ പ്രത്യേക ടിക്കറ്റ് ചെക്കിങ് ഡ്രൈവ് ആരംഭിക്കാൻ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. പ്രത്യേക ഡ്രൈവ് ആരംഭിക്കാനാവശ്യപ്പെട്ട് മന്ത്രാലയം സെപ്റ്റംബർ 20ന് 17 സോണുകളുടെ ജനറല്‍ മാനേജർമാർക്ക് കത്തെഴുതി.

ഒക്ടോബർ ഒന്ന് മുതല്‍ 15 വരെയും ഒക്ടോബർ 25 മുതല്‍ നവംബർ 10 വരെയായിരിക്കും ഡ്രൈവ്. റെയില്‍വേ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കാനും നിർദേശിച്ചു. സാധാരണക്കാർക്കൊപ്പം പൊലീസുകാർക്കെതിരെയും പരിശോധന ശക്തമാക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ പറയുന്നു.

പൊലീസുകാരാണ് നിയമം ലംഘിക്കുന്നതില്‍ മുൻപന്തിയില്‍ എന്നതിനാലാണ് നടപടിയെന്ന് അവർ കൂട്ടിച്ചേർത്തു. ഗാസിയാബാദിനും കാണ്‍പൂരിനും ഇടയില്‍ തങ്ങള്‍ അടുത്തിടെ നടത്തിയ ചെക്കിങ്ങില്‍ എസി കോച്ചുകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന നൂറുകണക്കിന് പൊലീസുകാരെ കണ്ടെത്തി.

അവർക്ക് പിഴ ചുമത്തിയപ്പോള്‍, ആദ്യം അവർ പണം നല്‍കാൻ വിസമ്മതിച്ചു. പിന്നീട് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥൻ പറഞ്ഞു. 2023-24 സാമ്ബത്തിക വർഷത്തില്‍, ടിക്കറ്റോ,ശറിയായ യാത്രാരേഖകളോ ഇല്ലാതെ യാത്ര ചെയ്ത 361.045 ലക്ഷം യാത്രക്കാരെ റെയില്‍വേ ഉദ്യോഗസ്ഥർ പിടികൂടി. ഇവരില്‍ നിന്ന് 2231.74 കോടി രൂപ പിഴയായി ഈടാക്കുകയും ചെയ്തു.