കെ-ഫോണ്‍: പ്രതിപക്ഷ നേതാവിന്‍റെ ഹരജി തള്ളി

പ്രതിപക്ഷ-നേതാവ
alternatetext

കൊച്ചി: സംസ്ഥാന സർക്കാറിന്‍റെ കെ -ഫോണ്‍ നടത്തിപ്പിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നല്‍കിയ ഹരജി ഹൈകോടതി തള്ളി. ഇടപാടിലെ ക്രമക്കേടുകള്‍ തെളിയിക്കാനാവശ്യമായ വസ്തുതകള്‍ ഹരജിക്കാരന് സമർപ്പിക്കാനായില്ലെന്നും ചട്ടവിരുദ്ധ ഇടപാടുകള്‍ നടന്നെന്ന് പ്രഥമദൃഷ്ട്യാ കരുതാനാവില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച വിശദീകരണവും പരിഗണിച്ചു.

ചട്ടം ലംഘിച്ചാണ് കെ-ഫോണ്‍ പദ്ധതിക്ക് കരാർ നല്‍കിയിരിക്കുന്നതെന്നും സർക്കാരിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്ബനികള്‍ക്കാണ് കരാർ അനുവദിച്ചിരിക്കുന്നതുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സതീശൻ ഹരജി നല്‍കിയത്. കരാർ നല്‍കിയതിലടക്കം അഴിമതിയുണ്ടെന്നും ആരോപിച്ചിരുന്നു.

സാമ്ബത്തിക പിന്നാക്കാവസ്ഥയിലുള്ള 20 ലക്ഷം കുടുംബങ്ങള്‍ക്കും 30,000ലേറെ സർക്കാർ സ്ഥാപനങ്ങള്‍ക്കും സൗജന്യ ഇന്‍റർനെറ്റ് സേവനം ലക്ഷ്യമിടുന്ന പദ്ധതി പുരോഗമിക്കുകയാണെന്നായിരുന്നു സർക്കാരിന്‍റെ വിശദീകരണം. 20,336 ഓഫിസുകള്‍ക്കും 5484 കുടുംബങ്ങള്‍ക്കും നിലവില്‍ സേവനം ലഭിക്കുന്നുണ്ട്. കൂടുതല്‍ മേഖലകളില്‍ ഒാപ്ടിക്കല്‍ ഫൈബർ കേബിളുകള്‍ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണെന്നും അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യം പരിഗണിച്ച കോടതി ഈ ഘട്ടത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി. ഹരജിയിലെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവ് ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. ചട്ടവിരുദ്ധമായി എന്തെങ്കിലും സി.എ.ജി റിപ്പോർട്ടില്‍ കണ്ടെത്തിയാല്‍ നിയമസഭക്ക് പരിശോധിക്കാനും പ്രതിപക്ഷ നേതാവിന് വിശദീകരണം തേടാനും അവസരമുണ്ടെന്നും വ്യക്തമാക്കിയ കോടതി, ഹരജി തള്ളുകയായിരുന്നു.