ആലപ്പുഴ: നെല്‍വയലുകള്‍ അനധികൃതമായി മണ്ണിട്ടു നികത്തിയ ഇടങ്ങളില്‍ ഇട്ട മണ്ണ് മാറ്റാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുമെന്ന് റെവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം സെക്ഷന്‍ 13 പ്രകാരം, സര്‍ക്കാര്‍ ഉത്തരവില്ലാതെ അനധികൃതമായി മണ്ണിട്ടുനികത്തിയ എല്ലായിടത്തും മണ്ണ് തിരിച്ചെടുത്ത് പൂര്‍വാധികം ശക്തമായി അവിടെ കൃഷി നടത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച റിവോള്‍വിങ് ഫണ്ടായ രണ്ട് കോടി രൂപ ജില്ല കളക്ടര്‍മാര്‍ക്ക് അടുത്തുതന്നെ വിതരണം ചെയ്യും. ചെങ്ങന്നൂര്‍ ആലാ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷനായി. മണ്ണ് തിരിച്ചെടുക്കുന്നതിന് മുമ്ബായി ഭൂമിയുടെ ഉടമസ്ഥന് സമന്‍സ് അയക്കും.
ഇതു പ്രകാരം മണ്ണ് മാറ്റാന്‍ ഉടമസ്ഥന് തയ്യാറായില്ലെങ്കില്‍ അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിച്ചുക്കുകയും ചെലവായ പണം ഉടമസ്ഥനില്‍ നിന്ന് റെവന്യ റിക്കവറിയായി ഈടാക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ആറുമാസം കൊണ്ട് ചെങ്ങന്നൂര്‍ ജില്ല ആശുപത്രി നാടിന് സമര്‍പ്പിക്കാനാകുമെന്ന് ചടങ്ങിന് അധ്യക്ഷം വഹിച്ചുകൊണ്ട് മന്ത്രി സജി ചെറിയാന് പറഞ്ഞു.
നൂറ് കോടി ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രിയുടെ എട്ട് നിലകളുടെ വാര്‍പ്പും പൂര്‍ത്തിയായി. മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സ്വന്തം കെട്ടിടത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂരില്‍ തിയറ്റര്‍ കോംപ്ലക്സുിനുള്ള ഫയല്‍ സര്‍ക്കാരിലേക്ക് കൈമാറിയതായും മന്ത്രി പറഞ്ഞു. കൈയ്യേറിയ നദികളെല്ലാം നവീകരിച്ചുവരുകയാണ്. വെണ്മണി കുതിരവട്ടംചിറ ലോകോത്തര നിലവാരമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്താനുള്ള പദ്ധതിയും ആരംഭിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.