സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ദില്ലിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയില്‍ തുടരവേയാണ് അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി.
2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. ആധുനികകാലത്ത് ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും ശക്തനും പ്രാപ്തനുമായ ഒരു നേതാവിനെയാണ് യെച്ചൂരി വിടവാങ്ങുമ്ബോള്‍ നഷ്ടമാകുന്നത്. 1952 ഓഗസ്റ്റ് 12-നാണ് യെച്ചൂരി ജനിച്ചത്.
അച്ഛൻ സർവേശ്വര സോമയാജുല യെച്ചൂരിയും അമ്മ കല്‍പകം യെച്ചൂരിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളാണ്. യെച്ചൂരിയുടെ പിതാവ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനില്‍ എഞ്ചിനീയറായിരുന്നു. അമ്മ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. ഹൈദരാബാദിലെ ഓള്‍ സെയിൻ്റ്സ് ഹൈസ്കൂളിലായിരുന്നു യെച്ചൂരിയുടെ സ്കൂള്‍ വിദ്യാഭ്യാസം.
പിന്നീട് ദില്ലിയിലെ പ്രസിഡൻറ്സ് എസ്റ്റേറ്റ് സ്കൂളില്‍ ചേർന്ന അദ്ദേഹം സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷയില്‍ അഖിലേന്ത്യാ ഒന്നാം റാങ്ക് കരസ്ഥമാക്കി. തുടർന്ന് ദില്ലി സെൻ്റ് സ്റ്റീഫൻസ് കോളേജില്‍നിന്ന് ബി.എ ഇക്കണോമിക്സില്‍ (ഓണേഴ്‌സ്) ബിരുദം നേടി. ജവഹർലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെഎൻയു) നിന്ന് സാമ്ബത്തിക ശാസ്ത്രത്തില്‍ എം.എ പൂർത്തിയാക്കി. പി.എച്ച്.ഡിയ്ക്കും ജെ.എൻ.യുവില്‍ ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിൻ്റെ അറസ്റ്റോടെ അത് പൂർത്തിയാക്കാനായിരുന്നില്ല.