അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കാൻ വൈകിയേക്കും; കാലാവസ്ഥ വീണ്ടും പ്രതികൂലം

അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കാൻ വൈകിയേക്കും; കാലാവസ്ഥ വീണ്ടും പ്രതികൂലം
alternatetext

ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അർജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കാൻ വൈകിയേക്കും. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് ദൗത്യം നീട്ടിവയ്ക്കാൻ തീരുമാനിച്ചത്. സെപ്റ്റംബർ 11 വരെ ഉത്തരകന്നഡ ജില്ലയിലും കർണാടകയുടെ തീരദേശ ജില്ലകളിലും യെല്ലോ അലർട്ടാണ്.

ഈ സാഹചര്യത്തില്‍ രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് തീരുമാനം. ഗോവൻ തീരത്ത് കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ഡ്രഡ്ജർ എത്തിക്കാൻ സാധിക്കില്ല. കാറ്റ് അനുകൂലമല്ലാത്തതിനാല്‍ ടഗ് ബോട്ടിന്‍റെ യാത്ര ദുഷ്കരമാക്കാനും സാധ്യതയുണ്ട്. ഇന്ന് ഡ്രഡ്ജർ ഗോവയില്‍നിന്ന് പുറപ്പെടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ഡ്രഡ്‍ജർ എത്തിക്കാൻ 30-40 മണിക്കൂർ സമയം എടുക്കും. അങ്ങനെയെങ്കില്‍ ബുധനാഴ്ച ഡ്രഡ്ജർ പുറപ്പെട്ട് വെള്ളിയാഴ്ചയോടെ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലാണ് നിലവില്‍ വീണ്ടും ദൗത്യം പ്രതിസന്ധിയിലായത്.