കാലവര്‍ഷം ശക്തമായി തുടരുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

rain
alternatetext

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. മഴ ഏറെനേരം നീണ്ട് നില്‍ക്കില്ലെങ്കിലും ശക്തമായി തന്നെ പെയ്‌തൊഴിയും. അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രമായി ഒഡീഷയിലെ പുരിയില്‍ കരകയറി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ന്യൂനമര്‍ദം തീവ്രമായത്. പിന്നാലെ ഇന്നലെ രാവിലെയാണ് കരകയറിയത്. നിലവില്‍ പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ശക്തി കുറഞ്ഞ് തെക്കന്‍ ഛത്തീസ്ഗഡ് മേഖലയിലേക്ക് എത്തുകയാണ് ന്യൂനമര്‍ദം.

ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വാരം പൂര്‍ണമായും മഴ തുടരുമെങ്കിലും നാളെ മുതല്‍ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. കാലവര്‍ഷത്തില്‍ ഇതുവരെ 10 ശതമാനം മഴയുടെ കുറവാണുള്ളത്.

183.71 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 165.53 സെ.മീ. മഴയാണ് ലഭിച്ചത്. ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത്, 30, 29 ശതമാനം വീതമാണിത്. ഈ മാസം ഇതുവരെ 4 ദിവസമാണ് സംസ്ഥാനത്ത് ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത്.

കെഎസ്‌ഇബിയുടെ കീഴിലുള്ള സംഭരണികളിലാകെ 70 ശതമാനം വെള്ളമാണ് നിലവില്‍ അവശേഷിക്കുന്നത്. ഇടുക്കിയില്‍ 2373.6 അടിയാണ് ജലനിരപ്പ്. മൊത്തം സംഭരണ ശേഷിയുടെ 70 ശതമാനം.