കൊല്‍ക്കത്ത ആർ.ജി കാർ മെഡിക്കല്‍ കോളേജില്‍ പി ജി ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് നിയമസഭയില്‍ ചരിത്രപരമായ ബില്‍ പാസ്സാക്കിയിരിക്കുന്നു മമത ബാനർജി സർക്കാർ. ബലാത്സംഗകേസ് പ്രതികള്‍ക്ക് വധ ശിക്ഷ ഉറപ്പാക്കുന്ന ‘അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024’ എന്ന ബില്ലാണ് ഇന്ന് മമത ബാനർജി സർക്കാർ ഏകകണ്ഠമായി പശ്ചിമ ബംഗാള്‍ നിയമസഭയില്‍ പാസ്സാക്കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ഉയർന്നു വന്നു കൊണ്ടിരിക്കുന്ന വാദം ആണ്, ഇത്തരം കേസില്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്നുള്ളത്.
എന്നാല്‍ ഇതുവരെയും ഒരു സർക്കാരും ഇത്തരം ഒരു നീക്കവുമായി മുന്നോട്ടു വന്നിട്ടില്ല. അതായത്, ബലാത്സംഗം, കൂട്ടബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി അപരാജിത ബില്‍ പാസ്സാക്കിയതോടെ ബംഗാള്‍ മാറി. ബലാത്സംഗക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാല്‍ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി.
ചരിത്രപരവും, ഒപ്പം മാതൃകാപരവുമായ നീക്കം എന്നാണ് മമത ബാനർജി അപരാജിത ബില്ലിനെ വിശേഷിപ്പിച്ചത്. കൂടാതെ ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ കൊല്‍ക്കത്ത ആർ.ജി കാർ മെഡിക്കല്‍ കോളജില്‍ ക്രൂര ബലാത്സംഗത്തെ തുടർന്ന് കൊല്ലപ്പെട്ട പി.ജി ഡോക്ടറിനുള്ള ആദരാഞ്ജലിയാണ് അപരാജിത ബില്‍ എന്നും മമത ബാനർജി പറഞ്ഞു. പശ്ചിമ ബംഗാള്‍ നിയമമന്ത്രിയായ മലയ ഘട്ടക് ആണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബലാത്സംഗത്തിനും, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക്, അവരുടെ ആക്രമണത്തില്‍ ഇര മരണപ്പെടുകയോ, അല്ലെങ്കില്‍ ജീവച്ഛവം ആയ അവസ്ഥയിലാക്കുകയോ ചെയ്താല്‍ അവർക്ക് വധശിക്ഷ നല്‍കുക എന്നതാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.
കൂടാതെ പരോളില്ലാതെ ജീവപര്യന്തം തടവും, സാമ്ബത്തിക പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അതിനോടൊപ്പം ബലാത്സംഗവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയം രണ്ടുമാസത്തില്‍ നിന്നും 21 ദിവസമായി കുറയ്ക്കും. കുറ്റപത്രം തയ്യാറാക്കുന്നത് മുതല്‍ ഒരു മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കും. അപരാജിത ബില്ലിലൂടെ, കേന്ദ്ര നിയമനിർമ്മാണത്തിലെ പഴുതുകള്‍ അടയ്ക്കാൻ ആണ് ഞങ്ങള്‍ ശ്രമിച്ചതെന്ന് മമത ബാനർജി പറഞ്ഞു. ഒപ്പം ബലാത്സംഗം മനുഷ്യരാശിക്കെതിരായ ശാപമാണെന്നും, അത്തരം കുറ്റകൃത്യങ്ങള്‍ തടയാൻ സാമൂഹിക പരിഷ്കരണങ്ങള്‍ ആവശ്യമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
“യുപി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് അസാധാരണമായി ഉയർന്നതാണ്. പശ്ചിമ ബംഗാളില്‍ പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് കോടതിയില്‍ നീതി ലഭിക്കുന്നു. ഭാരതീയ ന്യായ സംഹിത പാസാക്കുന്നതിന് മുമ്ബ് കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിനോട് കൂടിയാലോചിച്ചില്ല, പുതിയ സർക്കാർ രൂപീകരണത്തിന് ശേഷം അതിനെക്കുറിച്ച് ചർച്ചകള്‍ നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു,” മമത ബാനർജി പറഞ്ഞു.