ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍ കണ്ടെത്താൻ നേരിട്ടു പരിശോധന നടത്തണമെന്നു ഡോ. ജോണ്‍ മത്തായി

ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍ കണ്ടെത്താൻ നേരിട്ടു പരിശോധന നടത്തണമെന്നു ഡോ. ജോണ്‍ മത്തായി
alternatetext

തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളിലെ ഉരുള്‍ പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്തി പ്രതിരോധ നടപടി സ്വീകരിക്കണമെങ്കില്‍ നേരിട്ടെത്തി പരിശോധന നടത്തണമെന്നു ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനും വയനാട് ഉരുള്‍പൊട്ടലിനെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷനുമായ ഡോ. ജോണ്‍ മത്തായി പറഞ്ഞു. ആക്ടിസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സുസ്ഥിര കേരളം സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ഥല പരിശോധന നടത്താൻ ജില്ലാ തലത്തില്‍ ശാസ്ത്രജ്ഞൻമാരെ ഉള്‍പ്പെടുത്തിയുള്ള സംഘത്തെ നിയോഗിക്കണം. പൂർവികമായ പ്രായോഗിക അറിവു നേടിയ പ്രദേശവാസികളെ കൂടി ഉള്‍പ്പെടുത്തിയാകണം ഇത്തരം ടീം രൂപീകരിക്കേണ്ടതും മണ്ണ് പരിശോധന അടക്കം നടത്തേണ്ടതും. ഉരുള്‍പൊട്ടല്‍ ഉണ്ടായാല്‍ ഏതു ഭാഗത്തേയ്ക്കാണ് ഒഴുക്ക് ഉണ്ടാകാൻ സാധ്യതയുള്ളത്, എവിടെയൊക്കെയാണ് നാശനഷ്ടം പ്രധാനമായി നേരിടുക. ജനങ്ങളെ ഏതു സുരക്ഷിത പ്രദേശത്താണ് മാറ്റിപ്പാർപ്പിക്കേണ്ടത് തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ മാർഗരേഖയും ആക്‌ഷൻ പ്ലാനും തയാറാക്കേണ്ടതുണ്ട്.

സർക്കാർ സംവിധാനങ്ങള്‍ ഇപ്പോള്‍ രക്ഷാപ്രവർത്തനത്തിനു മാത്രമാണ് മുൻഗണന നല്‍കുന്നത്. ദുരന്തമുണ്ടായ ശേഷം രക്ഷാപ്രവർത്തനം നടത്തുന്നതിനല്ല, ദുരന്തമുണ്ടാകുന്നതിനു മുൻപ് സാധ്യത കണ്ടെത്തി ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിലാണ് മുൻതൂക്കം നല്‍കേണ്ടത്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷിതത്വത്തിനു എന്തെങ്കിലും ഭംഗം വരുന്പോഴും പ്രദേശവാസികള്‍ക്ക് ഏറെ മുന്നറിയിപ്പു നല്‍കാനാകും.

ഭൂമി കുലക്കമുണ്ടാകുന്പോഴും അതിതീവ്രമഴ പെയ്യുന്നതിനെ തുടർന്നുള്ള വെള്ളപ്പൊക്കത്തെ തുടർന്നുമാകും മുല്ലപ്പെരിയാർ അണക്കെട്ടിന് ബലക്ഷയമുണ്ടാകാൻ സാധ്യത. ഇത്തരം സാഹചര്യത്തില്‍ വെള്ളം കയറുന്ന പ്രദേശങ്ങളും കയറാൻ സാധ്യതയില്ലാത്ത പ്രദേശങ്ങളും സംബന്ധിച്ച ആക്‌ഷൻ പ്ലാൻ മുൻകൂട്ടി തയാറാക്കേണ്ടതുണ്ടെന്നും ജോണ്‍ മത്തായി പറഞ്ഞു.