ഹേമ കമീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചത്, നടിമാർ അവർ നടത്തുന്ന വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്ക്കുമോയെന്ന ആശങ്കയുടെ മറവില്‍. നിലവിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെങ്കിലും ആരോപണമുന്നയിച്ചവർ മൊഴികളില്‍ ഉറച്ചു നില്‍ക്കുമോയെന്ന് ഉറപ്പു വരുത്തണമെന്ന നിയമോപദേശം സർക്കാറിന് ലഭിച്ചിട്ടുണ്ട്.
ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം ലഭിച്ചാല്‍ പരാതിയില്ലാതെ തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. എഫ്.ഐ.ആർ എടുത്ത ശേഷമാണ് ഇരകളുടെയും സാക്ഷികളുടെയും മൊഴിയെടുക്കലും രേഖകള്‍ പിടിച്ചെടുക്കലുമടക്കം അന്വേഷണത്തിന്റെ നടപടിക്രമങ്ങളുണ്ടാവുക. അന്വേഷണം മുന്നോട്ടു പോകണമെങ്കില്‍ മൊഴി അനിവാര്യമാണ്. ഇപ്പോള്‍ ചില നടിമാർ നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഉന്നയിക്കാൻ തയാറാവാതെ വന്നാല്‍ അന്വേഷണം വഴി മുട്ടും.