പൊതു ഓടയിലേക്ക് സെപ്റ്റിക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

പൊതു ഓടയിലേക്ക് സെപ്റ്റിക് മാലിന്യം ഒഴുക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
alternatetext

മാനന്തവാടി: നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ സെപ്റ്റിക് മാലിന്യം ജനവാസകേന്ദ്രങ്ങളിലേക്കുള്ള പൊതു ഓടയിലേക്ക് ഒഴുക്കിവിട്ടതായ പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വള്ളിയൂർക്കാവ് റോഡിലെ കല്ലാട്ട് മാളില്‍നിന്നുള്ള മാലിന്യം ഡയാന ക്ലബ് റോഡിലൂടെ ഒഴുകി തോട്ടിലേക്ക് എത്തുകയാണ് ചെയ്യുന്നത്.

ദുർഗന്ധം സഹിക്കാതായതോടെ നാട്ടുകാർ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിലുള്ള സെപ്റ്റിക് ടാങ്ക് നിറഞ്ഞുനില്‍ക്കുന്നതായും ഇതില്‍നിന്നുള്ള പൈപ്പ് പൊതു ഓടയിലേക്ക് കണക്‌ട് ചെയ്തതായും കണ്ടെത്തി.

ഇതേ തുടർന്ന് നഗരസഭ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കി. കൂടാതെ മാലിന്യ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണമെന്നും കെട്ടിടത്തില്‍ കോഫി ഷോപ്പുകള്‍ അടച്ചുപൂട്ടാനും നിർദേശം നല്‍കി.മറ്റു സ്ഥാപനങ്ങള്‍ ജലം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം പാലിക്കണമെന്നും നിർദേശം നല്‍കി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ഹെല്‍ത്ത് സൂപ്പർവൈസർ പി.എസ്. സന്തോഷ് കുമാർ, പബ്ലിക്ക് ഹെല്‍ത്ത് ഇൻസ്പെക്ടർ എസ്. ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അതേസമയം, തങ്ങളുടെ സ്ഥാപനത്തില്‍ കൃത്യമായ സംസ്കരണ പ്ലാന്റുണ്ടെന്നും ഓവുചാലിലേക്കുള്ള തങ്ങളുടെ സ്ഥാപനത്തിലെ പൈപ്പ് തുറന്നുകാണിക്കാൻ തയാറാണെന്നും കെട്ടിട ഉടമകളിലൊരാള്‍ വ്യക്തമാക്കി.