തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്കുപരിക്കേറ്റ സംഭവത്തില്‍ നായയെ പിടികൂടി. ശനി രാത്രി 12.30ഓടെയാണ് അക്രമകാരിയായ നായയെ ആറ്റുകാല്‍ ബണ്ട് റോഡില്‍ നിന്നും പിടികൂടിയത്. നായയെ പേട്ടയിലുള്ള മൃഗാശുപത്രിയില്‍ എത്തിച്ചു നിരീക്ഷിച്ചു വരികയാണ്. ലക്ഷണങ്ങള്‍ പ്രകാരം രണ്ടു ദിവസത്തിനുള്ളില്‍ നായ ചാകുമെന്നാണു നിഗമനം. തിരുവനന്തപുരം എംജി റോഡ്, കരമന, കൈമനം, ചിറമുക്ക്, പാറ്റൂര്‍ മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 30ഓളം പേരെയാണ് തെരുവുനായ കടിച്ചത്.
ഇവരെയെല്ലാം ഒരു നായ തന്നെയാണ് കടിച്ചതെന്നും സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. നേമം ശാന്തിവിള ആശുപത്രിയിലും എട്ടുപേര്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. പോത്തീസിനു സമീപത്തുനിന്നാണ് നിരവധി പേരെ നായ കടിച്ചത്.
ഈ നായ തന്നെയാണ് പലയിടത്തും ആക്രമണം നടത്തിയതെന്നു പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ നായയ്ക്കായി തിരുവനന്തപുരം നഗരത്തില്‍ ഡോഗ് സ്‌ക്വാഡ് തെരച്ചിലും ആരംഭിച്ചു. രണ്ട് ഡോഗ് സ്‌ക്വാഡുകളാണ് നായ്ക്കുവേണ്ടി തെരച്ചില്‍ നടത്തിയത്. ഒടുവില്‍ നായയെ ആറ്റുകാല്‍ ബണ്ട് റോഡില്‍ നിന്നും കണ്ടെത്തുകയായിരുന്നു.