വയനാട് ദുരന്തം;ഇന്ന് പ്രത്യേക തിരച്ചില്‍

വയനാട് ദുരന്തം;ഇന്ന് പ്രത്യേക തിരച്ചില്‍
alternatetext

കല്‍പ്പറ്റ: ഉരുള്‍ സർവ്വവും കവർന്നെടുത്ത വയനാട്ടിലെ മുണ്ടക്കൈ,ചൂരല്‍മല ഭാഗങ്ങളില്‍ ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തും. പതിനാല് പേരടങ്ങിയ ദൗത്യസംഘമാണ് പ്രദേശത്തെ ചെങ്കുത്തായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ തിരച്ചില്‍ നടത്തുന്നത്. ടി സിദ്ദിഖ് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. സേനകളെയും സന്നദ്ധപ്രവർത്തകരെയും ചേർത്തുള്ള പ്രത്യേക സംഘമാകും ദുരന്തമേഖലയില്‍ തിരച്ചില്‍ നടത്തുകയെന്നും സിദ്ദിഖ് വിവരിച്ചു. തിരച്ചിലിന് ആവശ്യമുള്ള ആയുധങ്ങള്‍ എത്തിക്കാൻ ദുരന്തമേഖലയില്‍ മറ്റൊരു സംഘമുണ്ടാകും.

ദുരന്തബാധിതർ ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെയുള്ള ഞായറാഴ്ച പ്രത്യേക തിരച്ചില്‍ നടത്തുന്നത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി ഒരുമാസം തികയാനിരിക്കെ ഇനിയും 119പേരെയാണ് കണ്ടെത്താനുള്ളത്. അതേസമയം വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായതായി അധികൃതർ അറിയിച്ചു.

രണ്ടു ക്യാമ്ബുകളിലായി ശേഷിച്ച എട്ട് കുടുംബങ്ങള്‍ കൂടി വാടക വീടുകളിലേക്ക് മാറി. ഇതോടെ ക്യാമ്ബുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉള്ള നടപടി തുടങ്ങി. ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവരും അപകട ഭീഷണിയില്‍ ആയവരും ഉള്‍പ്പെടെ 728 കുടുംബങ്ങളാണ് ക്യാമ്ബുകളില്‍ കഴിഞ്ഞിരുന്നത്. ഇരുപതോളം ക്യാമ്ബുകളായിരുന്നു ദുരിത ബാധിതർക്കായി ഒരുക്കിയത്.വാടക വീടുകള്‍ക്ക് പുറമെ, സർക്കാർ ക്വാർട്ടേഴ്സുകളിലേക്കും, ബന്ധു വീടുകളിലേക്കുമാണ് ക്യാമ്ബുകളില്‍ നിന്നും ദുരന്ത ബാധിതർ മാറിയത്.