ന്യൂഡല്‍ഹി | കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോഝലില്‍ ഡോക്ടര്‍ ബലാത്സംഗക്കൊലക്കിരയായതില്‍ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.
അതേ സമയം, ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സിബിഐ ഹാജരാക്കി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് റിപ്പോര്‍ട്ട് ഹാജരാക്കിയത്. ഇന്റേണുകള്‍, റെസിഡന്റ്- സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ എല്ലാവരുടേയും ആശങ്കകള്‍ കോടതി രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
അതേസമയം, ആര്‍ ജി കര്‍ ആശുപത്രിയിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ഇപ്പോഴും ഭീതിയിലാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഗീത് ലുത്റ പറഞ്ഞു. ആശുപത്രി അധികൃതറില്‍നിന്നാണ് ഭീഷണി നേരിടുന്നതെന്നും അഭിഭാഷക വ്യക്തമാക്കി.