സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ്

rain
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലർട്ടും, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ഓഗസ്‌റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ കര്‍ണാടകയ്ക്കും തെലങ്കാനയ്‌ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴ തുടരാൻ കാരണം. കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. അതിനാല്‍ കേരളത്തില്‍ അടുത്ത നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത.

അതേസമയം, ഓഗസ്‌റ്റ് 20 ന് എറണാകുളത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.