പാലക്കാട് ജില്ലയിലെ പ്രമുഖ നേതാവും കെടിഡിസി ചെയർമാനും മുന്‍ എംഎല്‍എയുമായ പികെ ശശിക്കെതിരെ സിപിഎം നടപടി. സാമ്ബത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്നാണ് നടപടി എന്നാണ് സൂചന.പാലക്കാട് ജില്ലാകമ്മറ്റി അടക്കം പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി കെ ശശിയെ നീക്കി.
സി പി എം പാലക്കാട് ജില്ല കമ്മിറ്റി അംഗമായിരുന്ന പി കെ ശശിയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി.ഇതോടെ പി.കെ ശശിക്ക് നിലവില്‍ പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. ശശിക്ക് മുൻതൂക്കമുള്ള മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. വിവിധ പരാതികളില്‍ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലാണ് നടപടി. എം വി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി എടുത്തത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടില്‍ തിരിമറി നടത്തി എന്നാണ് ശശിക്ക് എതിരായ ആരോപണം. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത് . പി കെ ശശി അധ്യക്ഷനായിരുന്ന യൂണിവേഴ്സല്‍ കോളേജ് നിയമനത്തിലും ക്രമക്കേട് നടന്നതായി കണ്ടെത്തി എന്നാണ് ലഭിക്കുന്ന സൂചന.
ഷൊർണൂരില്‍ നിന്നും നിയമസഭാംഗമായിരുന്ന ശശിക്കെതിരെ ലൈംഗിക ആരോപണം ഉയർന്നിരുന്നു.2018 നവംബർ 26 നാണ് ശശിയെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്പെന്‍റ് ചെയ്തത്. മണ്ണാര്‍ക്കാട് ജില്ലാ സമ്മേളനം നടക്കുന്ന സമയം ഏരിയകമ്മിറ്റി ഓഫിസിനുള്ളില്‍നിന്ന് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഫോണിലൂടെ നിരവധി തവണ അശ്ലീലമായി സംസാരിച്ചുവെന്നും ഡിവൈഎഫ്‌ഐ നേതാവായ ഒരു യുവതി പരാതി നല്‍കിയതിനെ തുടർന്നായിരുന്നു ഇത്.
പരാതി സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയും അന്വേഷണത്തിന് പികെ ശ്രീമതി, എകെ ബാലന്‍ എന്നിവര്‍ അംഗങ്ങളായ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. പി.കെ ശശി യുവതിയോട് വാക്കുകള്‍ കൊണ്ട് അപമര്യാദ കാട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയ പാര്‍ട്ടി കമ്മിഷൻ ‘തീവ്രത കുറഞ്ഞ ലൈംഗിക പീഡനം’ എന്ന നിലയിലാണ് വിലയിരുത്തിയത്.
പരാതിയില്‍ കമ്മീഷന്‍ നടപടിയെടുത്തില്ലെന്ന് യുവതി വീണ്ടും കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കി. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും ചേർന്നാണ് ശശിയെ സസ്പെന്‍റ് ചെയ്യാന്‍ തീരുമാനിച്ചത്.എന്നാല്‍ സസ്‌പൻഷൻ കാലാവധിക്ക് ശേഷം അദ്ദേഹം പാർട്ടിയില്‍ തിരികെയെത്തി പിന്നാലെ ടൂറിസം വകുപ്പിന് കീഴിലെ കെ ടി ഡി സി ചെയർമാനും ആയി.