തിരുവനന്തപുരം: കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ കേരളത്തിലെ ഡോക്ടർമാരും സമരത്തിലേക്ക്. സെൻട്രല്‍ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഇന്ന് ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും. എന്നാല്‍ അത്യാഹിത വിഭാഗങ്ങളില്‍ സേവനം ഉണ്ടാകും. പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരത്തിനിറങ്ങുന്നത്. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തില്‍ കെ.എം.പി.ജി.എ സമരം പ്രഖ്യാപിച്ചത്.
യുവഡോക്ടറുടെ കൊലപാതകത്തിന് കാരണക്കാരായ ആളുകളെ ഉടന്‍ പിടികൂടണമെന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സുരക്ഷിതത്വത്തിന് ആവശ്യമായ സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, പശ്ചിമബംഗാളില്‍ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട ആര്.ജി കര് മെഡിക്കല്‍ കോളജില്‍ വൻ സംഘർഷമുണ്ടായി.
പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലാണ് വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. നിരവധി മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു മാതാപിതാക്കളെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്.
എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ ബംഗാളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷിയാകുന്നത്. അതിക്രൂരമായ മർദ്ദേനത്തിനൊടുവില് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നതായി സുബർണാ ഗോസ്വാമി പറഞ്ഞു.