അദാനിയുടെ ഷെല്‍ കമ്ബനികളില്‍ സെബി ചെയർപേഴ്‌സണ് നിക്ഷേപം: ഹിൻഡൻ ബെർഗ് റിപ്പോർട്ട്

അദാനിയുടെ ഷെല്‍ കമ്ബനികളില്‍ സെബി ചെയർപേഴ്‌സണ് നിക്ഷേപം: ഹിൻഡൻ ബെർഗ് റിപ്പോർട്ട്
alternatetext

ഡല്‍ഹി: അദാനിയുടെ ഷെല്‍ കമ്ബനികളില്‍ സെബി ചെയർപേഴ്‌സണ് നിക്ഷേപം ഉണ്ടെന്ന ഹിൻഡൻ ബെർഗ് റിപ്പോർട്ടില്‍ കുടുങ്ങി കേന്ദ്രസർക്കാരും. അദാനിക്ക് ക്ലീൻ ചിറ്റ് നല്‍കിയ സെബിയും പ്രതിരോധത്തിലായി. ശക്തമായ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തിറങ്ങി. നികുതിരഹിത വിദേശ രാജ്യങ്ങളില്‍ കടലാസ് കമ്ബനികള്‍ രൂപീകരിച്ച്‌ സ്വന്തം കമ്ബനികളുടെ ഓഹരികളില്‍ നിക്ഷേപ തട്ടിപ്പ് നടത്തുന്നു എന്നതായിരുന്നു അദാനിക്കെതിരായ ആദ്യ ഹിൻഡൻ ബെർഗ് റിപ്പോർട്ട്.

അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്ബനികളില്‍ സെബി അധ്യക്ഷയ്ക്ക് ഓഹരിയുണ്ടെന്ന പുതിയ റിപ്പോർട്ടാണ് സർക്കാരിന്റെ മുഖം നഷ്ടമാക്കുന്നത്. മാധവി ബുച്ചിനും ഭർത്താവ് ധവാല്‍ ബുച്ചിനും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപം ഉണ്ടെന്നു പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദേശ ഷെല്‍ കമ്ബനികളില്‍ 2015 നാണു നിക്ഷേപം തുടങ്ങിയത്. 2017 ആയപ്പോള്‍ മാധവി ബുച് സെബിയില്‍ പൂർണ സമിതി അംഗമായി. അതുവരെ ബുച് ദമ്ബതിമാരുടെ സംയുക്ത അകൗണ്ട് ആയിരുന്നുന്നെങ്കിലും, ഇതോടെ തന്‍റെ പേരിലേക്ക് മാത്രം അകൗണ്ട് മാറ്റാൻ ദവാല്‍ ബുച് കമ്ബനിക്ക് ഇ മെയില്‍ അയച്ചിരുന്നു.

അന്വേഷണാത്മക പ്രവർത്തകർ ചോർത്തിയെടുത്ത് ഈ രേഖകള്‍ സഹിതമാണ് ഹിൻഡൻ ബെർഗ് റിപ്പോർട്ട്. അദാനിയെ കുറ്റവിമുക്തമാക്കുക മാത്രമല്ല ഹിൻഡൻ ബെർഗിന് കാരണം കാണിക്കല്‍ നോട്ടീസും സെബി നല്‍കി. ചുമതല ഏറ്റ ഉടൻ മേധാവി ബുച്ചിനെ സന്ദർശിക്കാൻ അദാനി, അവരുടെ ഓഫീസില്‍ എത്തിയതില്‍ അസ്വാഭാവികത ചൂണ്ടിക്കാട്ടുകയാണ് കോണ്‍ഗ്രസ്.

അദാനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാൻ സുപ്രിംകോടതി ചുമതലപ്പെടുത്തിയത് സെബിയെ ആയിരുന്നു . സെബി അധ്യക്ഷ തന്നെ കുരുക്കില്‍ ആയതോടെ സുപ്രിംകോടതിയുടെ പ്രതികരണം ഇനി എന്ത് എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.