ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു.
alternatetext

ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒളിമ്ബിക്‌സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സമൂഹ മാധ്യമത്തിലൂടെയുള്ള പ്രഖ്യാപനം. “ഗുസ്തി എന്നെ തോല്‍പ്പിച്ചു, ഞാൻ തോറ്റു,” ഫോഗട്ട് എക്‌സില്‍ കുറിച്ചു.

2024 പാരീസ് ഒളിമ്ബിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലില്‍ നിന്ന് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു 29-കാരിയായ താരം. ഫൈനല്‍ ദിവസം തൂക്കം നോക്കുമ്ബോള്‍ അനുവദനീയമായ പരിധിയില്‍ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത കല്പിക്കല്‍. തൻ്റെ ധൈര്യം തകർന്നുവെന്നും, ഇനി തുടരാനാകില്ലെന്നും പറഞ്ഞ വിനേഷ് ആരാധകരോട് മാപ്പ് പറഞ്ഞുകൊണ്ട് 2001 മുതല്‍ 2024 വരെ നീണ്ടുനിന്ന ഒരു മഹത്തായ കരിയറിന് വിരാമമിട്ടു. തന്നെ പിന്തുണയ്ക്കുന്നവരോട് എക്കാലവും കടപ്പെട്ടിരിക്കുമെന്ന് ഫോഗട്ട്.

അതേസമയം, തൻ്റെ ഒളിമ്ബിക് അയോഗ്യതയ്‌ക്കെതിരെ ഫോഗട്ട് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സില്‍ (സിഎഎസ്) അപ്പീല്‍ നല്‍കി. തനിക്ക് വെള്ളി മെഡല്‍ നല്‍കണമെന്ന് അവർ അഭ്യർത്ഥിച്ചു. അപ്പീല്‍ അംഗീകരിച്ച സിഎഎസ് അന്തിമ വിധി വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കായിക ലോകത്ത് ഉണ്ടായേക്കാവുന്ന തർക്കങ്ങള്‍ പരിഹരിക്കുന്നതിനായി സ്വിറ്റ്സർലൻഡില്‍ രൂപീകരിച്ച ഒരു അന്താരാഷ്ട്ര സ്ഥാപനമാണ് സിഎഎസ്.

ഒളിമ്ബിക്‌സില്‍ ഗുസ്തി ഇനത്തില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ഫോഗട്ട് ചരിത്രമെഴുതി. ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെതിരെ 5-0 ന് ആധിപത്യം നേടിയാണ് ഫൈനലില്‍ ഫോഗട്ട് സ്ഥാനം ഉറപ്പിച്ചത്. എന്നിരുന്നാലും, ബുധനാഴ്ച ശരീരഭാരം പരിശോധിക്കുന്ന സമയത്ത് കൃത്യമായ ഭാരത്തില്‍ എത്തുന്നതില്‍ ഫോഗട്ട് പരാജയപ്പെട്ടു. വെറും 100 ഗ്രാമിന്റെ വ്യത്യാസത്തില്‍ ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു.

ഭക്ഷണവും ദ്രാവകങ്ങളും ഒഴിവാക്കിയും, രാത്രി മുഴുവൻ ഉറങ്ങാതെ വിയർത്തും കടുത്ത നിർജ്ജലീകരണം മൂലം ഫോഗട്ടിനെ ഗെയിംസ് വില്ലേജിലെ പോളിക്ലിനിക്കിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അമിതഭാരം കുറയ്ക്കാൻ മുടി മുറിക്കാൻ പോലും അവർ ശ്രമിച്ചു. എന്നിട്ടും ശ്രമങ്ങള്‍ വിഫലമായി.