ന്യൂഡല്‍ഹി: ആഭ്യന്തര കലാപത്തെത്തുടർന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിപദം രാജിവെച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിർണായകയോഗം ചേർന്നു. സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗമാണ് ചേർന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, ധനകാര്യമന്ത്രി നിർമല സീതാരാമൻ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
വിദേശകാര്യമന്ത്രി ജയ്ശങ്കർ ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. നേരത്തേ ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളത്തില്‍ ഹസീനയേയും വഹിച്ചുകൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനാ വിമാനം ഇറങ്ങിയതിന് തൊട്ടുപിന്നാലെ ആയിരുന്നു കൂടിക്കാഴ്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു. ലോക്സഭയിലെ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി ജയ്ശങ്കറുമായി സ്ഥിതിഗതികള്‍ ചർച്ചചെയ്തു.
അതേ സമയം പെട്രാപോളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി അടച്ചു. അതിർത്തിയിലുള്ളവർക്ക് ബി.എസ്.എഫ് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ആളുകളെ അതിർത്തിക്ക് 500 മീറ്റർ അകലെ തടഞ്ഞ് മടക്കി അയക്കുകയാണ്. അതിർത്തി കടന്ന ഇന്ത്യൻ ലോറി ഡ്രൈവർമാരെ സേന തിരിച്ചെത്തിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയ്യാറായി നിലയുറപ്പിക്കാനാണ് ഫീല്‍ഡ് കമാൻഡർമാർക്ക് നല്‍കിയിട്ടുള്ള നിർദേശം. ബംഗ്ലാദേശിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും ഇന്ത്യൻ റെയില്‍വെ നിർത്തിവച്ചിട്ടുണ്ട്. ധാക്കയിലേക്കുള്ള വിമാന സർവീസുകള്‍ എയർഇന്ത്യ റദ്ദാക്കി. ഇൻഡിഗോ ധാക്കയിലേക്കുള്ള വിമാന സർവീസുകള്‍ 30 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചിട്ടുണ്ട്.
ബംഗ്ലാദേശില്‍ നാല് ലക്ഷത്തോളം പേരാണ് അക്രമാസക്തരായി തെരുവില്‍ ഇറങ്ങിയിട്ടുള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യുന്നത്. അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാർത്താ ഏജൻസികള്‍ പുറത്തുവിട്ടിട്ടുണ്ട്. ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളില്‍ 100 പേരാണ് കൊല്ലപ്പെട്ടത്. 1000-ത്തോളം പേർക്ക് പരിക്കേറ്റിരുന്നു. മരണസംഖ്യ പിന്നീട് 300 കടന്നിരുന്നു.
1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സർക്കാർജോലികളില്‍ 30 ശതമാനം സംവരണം നല്കുന്നതിനെതിരേ ജൂലായില്‍ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങള്‍.