സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയും

സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയും
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനില്‍ക്കുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനം കുറഞ്ഞതാണ് മഴ കുറയാൻ കാരണം. മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും വയനാട് ദുരന്തത്തിന്‍റെ അടക്കം പശ്ചാത്തലത്തില്‍ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്.

കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയില്‍ നടത്തുന്ന തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക്. ഇന്ന് ആറ് സോണുകളായാണ് തിരച്ചില്‍ നടത്തുക.

സൂചിപ്പാറയിലെ സണ്‍റൈസ് വാലിയില്‍ പ്രത്യേകസംഘത്തെ ഹെലികോപ്റ്ററില്‍ എത്തിച്ച്‌ തിരച്ചില്‍ നടത്തും. ചെങ്കുത്തായ പാറയടക്കമുള്ള ഈ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്കരമായതിനാല്‍ സന്നദ്ധ പ്രവർത്തകരുണ്ടാവില്ല. കല്പറ്റയില്‍ നിന്ന് പ്രത്യേക സംഘം ഹെലികോപ്റ്ററില്‍ സണ്‍റൈസ് വാലി മേഖലയില്‍ എത്തും. സൈനികർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങി 12 പേരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക. ഇവിടെ മൃതദേഹങ്ങള്‍ ഉണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞിരുന്നു.