ഡോ വന്ദനാ ദാസ് വധം : സാക്ഷി വിസ്താരം സെപ്റ്റംബർ 9 ന് ആരംഭിക്കും

ഡോ വന്ദനാ ദാസ് വധം : സാക്ഷി വിസ്താരം സെപ്റ്റംബർ 9 ന് ആരംഭിക്കും
alternatetext

കൊട്ടാരക്കര ഗവ. ഹോസ്പിറ്റലിൽ ഡ്യൂട്ടിയിലിരിക്കെ കൊലക്കത്തിക്കിരയായ ഡോ വന്ദനാ ദാസ് വധക്കേസിൽ സാക്ഷി വിസ്താരം സെപ്റ്റംബർ 9 ന് ആരംഭിക്കുവാൻ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് ഉത്തരവിട്ടു.

കേസിലെ ഒന്നാം സാക്ഷിയും സംഭവ കാലത്ത് ഡോ വന്ദനയോടൊപ്പം ജോലി നോക്കി വന്നിരുന്നയാളുമായ ഡോ മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. കേസിലെ ആദ്യ അമ്പത് സാക്ഷികളെയാണ് ഒന്നാം ഘട്ടത്തിൽ വിസ്തരിക്കുന്നത്.

കേരളത്തിൽ നടന്ന കൊലപാതക കേസുകളിൽ ഏറ്റവും അധികം ഡോക്ടർമാർ പ്രോസിക്യൂഷൻ സാക്ഷികളായ കേസ് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. വിവിധ തലങ്ങളിലായുള്ള 34 ഡോക്ടർമാരെയാണ് കേസിൽ പ്രോസിക്യൂഷൻ ഭാഗം സാക്ഷിപ്പട്ടികയിൽ സാക്ഷികളാക്കിയിട്ടുള്ളത്. കൂടാതെ നഴ്സുമാർ, ആംബുലൻസ് ഡ്രൈവർമാർ, ഹോസ്പിറ്റൽ സെക്യൂരിറ്റി ജീവനക്കാർ എന്നിങ്ങനെ ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും പ്രോസിക്യൂഷൻ ഭാഗത്തു നിന്നും വിസ്തരിക്കുവാനായി ഹാജരാക്കിയിരിക്കുന്ന സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസിൽ പ്രതിയായ സന്ദീപിൻ്റെ ജാമ്യാപേക്ഷ കോടതികൾ തള്ളിക്കളഞ്ഞതിനെ തുടർന്ന് നിലവിൽ വിചാരണ തടവുകാരനായി കഴിഞ്ഞുവരികയാണ്.

കേസിൽ പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.