ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയില്‍ കാണാതായവർക്കായുള്ള തെരച്ചില്‍ ആറാം ദിവസമായ ഇന്നും തുടരും. 364 പേരാണ് ദുരന്തത്തില്‍ ഇത് വരെ മരിച്ചത്. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. 1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തും.
മൃതദേഹങ്ങള്‍ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും. ചാലിയാറിലും രണ്ട് ഭാഗങ്ങളായി തെരച്ചില്‍ നടക്കും. ചാലിയാറില്‍ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. ഇതോടെ ചാലിയാറില്‍ വിപുലമായ തിരച്ചില്‍ നടത്താനാണു തീരുമാനം. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം പരിശോധനയുണ്ടാകും.
ചാലിയാറിലെ തെരച്ചിലും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്ക്കരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക. ഇന്നലെ നാലു മൃതദേഹങ്ങളാണു ദുരന്തഭൂമിയില്‍നിന്നും കണ്ടെടുത്തത്. ഇന്നലെയും ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.