മലപ്പുറം: ചാലിയാർ പുഴയില്‍നിന്ന് ഇന്ന് 12 മൃതദേഹം കണ്ടെത്തി. 3 മൃതദേഹവും 9 ശരീരഭാഗങ്ങളും ഉള്‍പ്പെടെയാണിത്. ഇതോടെ ചാലിയാറില്‍ നിന്ന് ഇതുവരെ ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 201ആയി ഉയർന്നു. ഇതില്‍ 73 മൃതദേഹങ്ങളും 128 ശരീരഭാഗങ്ങളും ഉള്‍പ്പെടും. പനങ്കയ പാലത്തിന് സമീപത്തുനിന്നാണ് ഏറ്റവുമൊടുവില്‍ മൃതദേഹം കണ്ടെത്തിയത്. ഇവിടെനിന്നും ലഭിക്കുന്ന മൃതദേഹങ്ങള്‍ നിലമ്ബൂർ ആശുപത്രിയിലേക്ക് എത്തിക്കും.
നടപടികള്‍ പൂർത്തിയാക്കിയ ശേഷം തിരിച്ചറിയുന്നവ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മച്ചികൈ, ഇരുട്ടുകുത്തി, അംബുട്ടാൻ പെട്ടി, തൊടി മുട്ടി, നീർപ്പുഴ, മുക്കം ഭാഗങ്ങളിലായി നടത്തിയ തിരച്ചിലിലാണ് വീണ്ടും മൃതദേഹവും ശരീരഭാഗങ്ങളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചാലിയാറിന്റെ സമീപത്തുള്ള ഉള്‍വനങ്ങളില്‍ സന്നദ്ധപ്രവർത്തകർ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്നുമുതല്‍ സൈന്യം മാത്രമായിരിക്കും ഇവിടെ തിരച്ചില്‍ നടത്തുക.
കഴിഞ്ഞ ദിവസം ഇവിടെയെത്തിയ രക്ഷാപ്രവർത്തകർ ഉള്‍വനത്തില്‍ കുടുങ്ങിയ സാഹചര്യം കണക്കിലെടുത്താണ് മേഖലയില്‍ സന്നദ്ധപ്രവർത്തകർക്കും പ്രദേശവാസികള്‍ക്കും നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്. ഇനി ഇവരുടെ സേവനം ചാലിയാറിന്റെ താഴെയുള്ള പ്രദേശങ്ങളില്‍ ലഭ്യമാക്കും. ഇവിടെനിന്ന് അവസാനത്തെ മൃതദേഹവും കണ്ടെത്തിയതിനു ശേഷം മാത്രമേ തിരച്ചില്‍ അവസാനിപ്പിക്കുകയുള്ളൂവെന്ന് സ്ഥലം സന്ദർശിച്ചതിനുശേഷം മന്ത്രി പി. പ്രസാദ് പറഞ്ഞിരുന്നു.