വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടേതായി മലപ്പുറം ജില്ലയില്‍ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതുവരെ ആകെ ലഭിച്ചത് 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും. ആകെ 188 എണ്ണം. 35 പുരുഷന്മാരുടെയും 27 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 2 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇത് കൂടാതെ 121 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.
പോലീസ്, വനം, ഫയർഫോഴ്സ്, എൻ ഡി ആർ എഫ് , നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ചേർന്ന് നാല് ദിവസമായി നടത്തിയ തിരച്ചിലിലാണ് ഇത്രയും മൃതദേഹങ്ങള്‍ ലഭിച്ചത്. ഇന്നലെ മാത്രം 5 മൃതദേഹങ്ങളും 10 ശരീര ഭാഗങ്ങളുമാണ് ലഭിച്ചത്. ഇതുവരെ 180 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 149 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു.
ചാലിയാറിന്റെ ചുങ്കത്തറ കൈപ്പിനി, എഴുമാംപാടം, കുട്ടംകുളം, അമ്ബിട്ടംപൊട്ടി, മുണ്ടേരി വാണിയംപുഴ എന്നിവിടങ്ങളില്‍ നിന്നുമാണ് സംയുക്ത പരിശോധാ സംഘവും സന്നദ്ധ സംഘടനകളും ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഏഴ് മണിക്ക് സംയുക്ത സേനകള്‍ നാവികസേനയുടെ ചോപ്പറില്‍ വയനാട്-മലപ്പുറം ജില്ലാ അതിര്‍ത്തി മേഖലയായ സൂചിപ്പാറയില്‍ തിരച്ചില്‍ നടത്തി. പോലിസ് സേനയുടെ ചോപ്പറും ഇന്നലെ തിരച്ചിലിനായി ഉപയോഗിച്ചിരുന്നു. അതിദുര്‍ഘടമായ വനമേഖലയായതിനാലാണ് ചോപ്പറുകള്‍ ഉപയോഗിച്ചത്. സേനകള്‍ സൂചിപ്പാറയിലിറങ്ങി വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നിവര്‍ മടങ്ങുകയയിരുന്നു.
മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച നായയുമായി ഇടുക്കിയില്‍ നിന്നെത്തിയ പോലീസ് സേനാംഗങ്ങള്‍ മുണ്ടേരി ഇരട്ടുകുത്തി മുതല്‍ മാളകം വരെയുള്ള ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ മൃതദേഹങ്ങളോ ഭാഗങ്ങളോ നായയ്ക്കും കണ്ടെത്താനയില്ല. വാണിയംപുഴ, കുമ്ബളപ്പാറ ഭാഗങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകളും ഇന്നലെ നടന്നു. ലഭിച്ച മൃതദേഹങ്ങള്‍ നിലമ്ബൂര്‍ ജില്ലാ അശുപത്രിയിലേക്ക് മാറ്റി. ചാലിയാറിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ വെള്ളിയാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. ഉച്ചവരെ മഴ മാറിനിന്നത് തിരച്ചിലിന് അനകൂലഘടകമായി.
ഇനിയും കണ്ടെത്താനുള്ളത് 206 പേരെ.ആകെ മരണം 340 ആയി.ദുരന്തത്തിൽ 29 കുട്ടികൾ മരിച്ചു എന്നാണ് സ്ഥിതികരണം.അഞ്ചാംനാളായ ഇന്ന് രാവിലെ തിരച്ചിൽ ആരംഭിച്ചു.146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.