മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കനത്ത മഴ

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കനത്ത മഴ
alternatetext

കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടല്‍ ദുരന്തം നടന്ന മുണ്ടക്കൈയില്‍ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി കനത്ത മഴ. മഴയെ തുടർന്ന് രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയ താല്‍ക്കാലിക പാലം മുങ്ങി. മലവെള്ളപ്പാച്ചിലുണ്ടായതിനെ തുടർന്ന് ജാഗ്രത പാലിക്കാൻ രക്ഷാപ്രവർത്തകർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. അതേസമയം, സൈന്യം നിർമിക്കുന്ന ബെയ്‍ലി പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. നാളെയോടെ പൂർണമായും പാലം സൈന്യം സജ്ജമാക്കും. അതേസമയം, ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 205 ആയി.

കാണാതായത് 225 പേരെയാണെന്നാണ് ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് വിവരം പുറത്തുവിട്ടത്. ഇതോടെ മരണസംഖ്യ ഇനിയും ഏറെ ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയും ശക്തമാണ്. 191 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മേഖലയില്‍ സൈന്യവും ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും പൊലീസും സന്നദ്ധപ്രവർത്തകരും തിരച്ചില്‍ തുടരുകയാണ്. മരിച്ച 89 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മലപ്പുറം ജില്ലയിലെ മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളില്‍നിന്ന് ബുധനാഴ്ച മാത്രം 15 മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി.

ഇവയില്‍ പലതും തിരിച്ചറിയാനാവാത്ത നിലയിലാണ്. ഇന്നലെയും ഇന്നുമായി 72 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെത്തിയത്. കൂറ്റന്‍ പാറക്കല്ലുകള്‍ക്കടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചെളിയിലും നിരവധിപേരുടെ മൃതദേഹങ്ങള്‍ ഇനിയുമുണ്ടാകുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച 11.30ന് സര്‍വകക്ഷിയോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തില്‍ പങ്കെടുക്കും. അടിയന്തര ധനസഹായം പിന്നീട് തീരുമാനിക്കും. ഒൻപതു മന്ത്രിമാർ വയനാട്ടിലുണ്ട്. രണ്ട് ടീമായി പ്രവർത്തനം ഏകോപിപ്പിക്കും. കണ്‍ട്രോള്‍ റൂമുകളില്‍ മന്ത്രിമാർ ഉണ്ടാകണമെന്ന് നിർദേശം നല്‍കി. കൂടുതല്‍ ഫൊറൻസിക് ഡോക്ടർമാരെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.