തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഹൈക്കമാൻഡ് ഇടപെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്കസമിതിയോട് അടിയന്തരമായി റിപ്പോർട്ട് നല്‍കാൻ ആവശ്യപ്പെട്ടു. പാർട്ടിരഹസ്യങ്ങള്‍ പെരുപ്പിച്ചും അവാസ്തവമായും മാധ്യമങ്ങള്‍ക്ക് ചോർത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്.
കേരളത്തിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് നിർദേശം നല്‍കിയത്. പാർട്ടി രഹസ്യസ്വഭാവത്തോടെ നടത്തിയ യോഗത്തെ സംബന്ധിച്ച് അവാസ്തവ വാർത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാൻ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് ദീപാ ദാസ് മുൻഷിയുടെ കത്തിലുള്ളത്. വയനാട് ക്യാമ്ബിന്റെ തീരുമാനവും തദ്ദേശതിരഞ്ഞെടുപ്പിനായുള്ള ‘മിഷൻ 25’ പദ്ധതിയും നടപ്പാക്കുന്നതില്‍ നേതാക്കളുടെ തർക്കം തടസ്സമാകുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
കെ.പി.സി.സി. ഭാരവാഹിയോഗത്തിലെ വിമർശനങ്ങളും ഇതേത്തുടർന്നുണ്ടായ മാധ്യമവാർത്തകളുമാണ് കോണ്‍ഗ്രസിലെ തർക്കം പരസ്യമാക്കിയത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പാർട്ടിസംവിധാനം ഹൈജാക്ക് ചെയ്യുന്നെന്നായിരുന്നു ഒരുവിഭാഗം ആരോപിച്ചത്. വിവാദമുണ്ടാക്കൻ ശ്രമിച്ചവർക്കെതിരേ നടപടിവേണമെന്ന് ദേശീയ നേതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്നത്തില്‍ ഹൈക്കമാൻഡ് ഇടപെട്ടത്