സിവില്‍ സര്‍വ്വീസ് കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികളുടെ മരണം; 13 സെന്ററുകള്‍ പൂട്ടിച്ചു

സിവില്‍ സര്‍വ്വീസ് കോച്ചിങ് സെന്ററിലെ വിദ്യാര്‍ത്ഥികളുടെ മരണം; 13 സെന്ററുകള്‍ പൂട്ടിച്ചു
alternatetext

ഡല്‍ഹി: ഡല്‍ഹിയിലെസിവില്‍ സർവ്വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തിന് പിന്നാലെ 13 കോച്ചിങ് സെന്ററുകള്‍ പൂട്ടിച്ചു. കോച്ചിങ് സെന്ററുകളില്‍ ഡല്‍ഹി മുൻസിപ്പല്‍ കോർപ്പറേഷൻ പരിശോധന നടത്തി. ബേസ്മെന്റില്‍ പ്രവർത്തിച്ചിരുന്ന 13 കോച്ചിംഗ് സെന്ററുകളാണ് പൂട്ടിച്ചത്.

ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുൻസിപ്പല്‍ കോർപ്പറേഷൻ മുന്നറിയിപ്പ് നല്‍കി. അപകടത്തിന് കാരണം അനാസ്ഥയാണെന്നും ചട്ടങ്ങള്‍ പാലിക്കാതെയാണ് റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിള്‍ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. ലൈബ്രറിയില്‍ വന്ന വിദ്യാർഥികളാണ് ഇന്നലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്.

റാവൂസ് സ്റ്റഡി സർക്കിളില്‍ ലൈബ്രറി പ്രവർത്തിച്ചത് ബേസ്മെന്റിലായിരുന്നു. എന്നാല്‍ ബേസ്മെന്റില്‍ പാർക്കിങ്ങിനും സാധനങ്ങള്‍ സൂക്ഷിക്കാനും മാത്രമാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന കെട്ടിടത്തിന്റെ ഫയർസേഫ്റ്റി സർട്ടിഫിക്കറ്റ് പുറത്ത് വന്നു.

കനത്ത മഴയ്‌ക്ക് പിന്നാലെയാണ് ഡല്‍ഹി ഓള്‍ഡ് രാജേന്ദ്രർ നഗറിലെ സിവില്‍ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറിയത്. അപകടത്തില്‍ എറണാകുളം സ്വദേശി നെവിൻ ഡാല്‍വിൻ, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്‌മെന്റില്‍ പ്രവർത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. വെള്ളം കയറുമ്ബോള്‍ 40 വിദ്യാർത്ഥികള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. വിദ്യാർത്ഥികളാണ് ഫയർ ഫോഴ്സില്‍ വിവരം അറിയിച്ചത്.