തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്നു ജില്ലകളില്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി വടക്കന്‍ ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് തീരം മുതല്‍ കർണാടക തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന് സ്വാധീന ഫലമായി വരുന്ന രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്.ചൊവ്വാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്.
ഉയർന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.3 മുതല്‍ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും 2.0 മുതല്‍ 2.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ലക്ഷദ്വീപ്, കർണാടക, മാഹി തീരങ്ങള്‍ക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനില്ക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.