ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു
alternatetext

ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയിലെ സിവില്‍ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാർഥികള്‍ മുങ്ങി മരിച്ചു. ഓള്‍ഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. 45 വിദ്യാർഥികളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. രണ്ടു വിദ്യാർഥികളെ കാണാതായിട്ടുമുണ്ട്.

സംഭവസ്ഥലത്ത് ഡല്‍ഹി അഗ്നിരക്ഷാസേനയും ദേശീയ ദുരിത നിവാരണ സേനയും(എൻ.ഡി.ആർ.എഫ്) ഉണ്ടെന്ന് ഡല്‍ഹി മന്ത്രി അതിഷി അറിയിച്ചു. എൻ.ഡി.ആർ.എഫിന്റെ രക്ഷാപ്രവർത്തനത്തിനിടെയാണ് വിദ്യാർഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വൈകീട്ട് മുതല്‍ ഡല്‍ഹിയില്‍ ശക്തമായ മഴയാണ്. സംഭവത്തില്‍ ഡല്‍ഹി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.അപകടത്തിന് കാരണം ഓടകള്‍ വൃത്തിയാക്കാത്തതെന്ന് വിദ്യാർഥികള്‍ ആരോപിച്ചു. കോച്ചിങ് സെന്ററിന് മുന്നില്‍ വിദ്യാർഥികള്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ കോച്ചിങ് സെന്ററുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. സിവില്‍ സർവീസ് കോച്ചിങ് സെന്ററുകളുടെ പ്രധാന ഹബ് ആണ് ഓള്‍ഡ് രാജേന്ദ്ര നഗർ.