തിരുവില്വാമല ക്ഷേത്രത്തില്‍ മോഷണം: ഓടുപൊളിച്ച്‌ അകത്തുകയറിയത് ക്ഷേത്രത്തില്‍ ആളനക്കമുള്ള സമയത്ത്

തിരുവില്വാമല ക്ഷേത്രത്തില്‍ മോഷണം: ഓടുപൊളിച്ച്‌ അകത്തുകയറിയത് ക്ഷേത്രത്തില്‍ ആളനക്കമുള്ള സമയത്ത്
alternatetext

തൃശൂർ: തിരുവില്വാമല ക്ഷേത്രത്തില്‍ കള്ളൻ ഓട് പെളിച്ച്‌ അകത്ത് കടന്നത് ക്ഷേത്രത്തില്‍ ആളനക്കമുള്ള സമയത്ത്. കഴിഞ്ഞ രാത്രിയിലാണ് ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്റെ കൗണ്ടറിന്റെ ഓട് പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാവ് പണം കവർന്നത്. ഒരുലക്ഷം രൂപയിലേറെ കള്ളൻ അടിച്ചുമാറ്റിയെന്നാണ് പ്രാഥമിക നിഗമനം.

രാത്രി ഏറെ വൈകിയും ക്ഷേത്രത്തിലേക്ക് ആവശ്യമായ അപ്പം നിർമിക്കുന്ന പ്രവർത്തനം നടന്നിരുന്നു. സെക്യൂരിറ്റിയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവരുടെയൊക്കെ കണ്ണുവെട്ടിച്ച്‌ മോഷ്ടാവ് അകത്ത് കടന്നതിന്റെ അമ്ബരപ്പിലാണ് പൊലീസും. രാവിലെ കൗണ്ടർ തുറക്കാൻ വന്നയാളാണ് വിവരം ആദ്യം അറിഞ്ഞത്. ഒരു ലക്ഷത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. വിലപിടിപ്പുള്ള മറ്റ് വസ്തുക്കള്‍ കൗണ്ടറില്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും മോഷ്ടാവ് എടുത്തിട്ടില്ല.

പഴയന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ നാലമ്ബല ദർശന യാത്രകള്‍ ആരംഭിക്കാനിരിക്കെയാണ് ഇത്തരമൊരു സംഭവം നടക്കുന്നത്