ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ആഗസ്റ്റ് 12 വരെ നീളുന്ന സമ്മേളനത്തില്‍ 19 സിറ്റിങ് ഉണ്ടായിരിക്കും. നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കെയാണ് വർഷകാല സമ്മേളനത്തിന് തുടക്കമാകുന്നത്. മൂന്നാം എൻ.ഡി.എ സർക്കാറിന്‍റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. സാമ്ബത്തിക സർവേ തിങ്കളാഴ്ച മേശപ്പുറത്തുവെക്കും.
നടപ്പു സാമ്ബത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച ഏഴ് ശതമാനത്തില്‍നിന്ന് 7.2 ആയി റിസർവ് ബാങ്ക് പുനർനിശ്ചയിച്ചിരുന്നു. ഇതിന്‍റെ പ്രതിഫലനം സാമ്ബത്തിക സർവെയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ ആഗോള സാമ്ബത്തിക വളർച്ചയില്‍ 18.5 ശതമാനം ഇന്ത്യയുടെ സംഭാവനയായിരുന്നു. സാമ്ബത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്.
സമ്മേളന കാലയളവില്‍ ആറ് ബില്ലുകള്‍ സർക്കാർ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 വർഷം പഴക്കമുള്ള വ്യോമയാന നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ഉള്‍പ്പെടെയാണിത്. ഭാരതീയ വായുയാൻ വിധേയക് എന്നാകും പുതിയ നിയമം അറിയപ്പെടുക. കേന്ദ്രനിയമത്തിനു കീഴില്‍ വരുന്ന ജമ്മു കശ്മീർ ബജറ്റിന് പാർലമെന്‍റ് അനുമതി നല്‍കുന്നതും ഈ സമ്മേളന കാലയളവിലാകും.