സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലർട്ടും 7 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളില്‍ ആണ് ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് ഉള്ളത്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണ്.

ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെട്ടു. നിലവിലെ ന്യൂനമർദം ദുർബലമായ ശേഷം പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇടി മിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റർ വേഗതയില്‍ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

നിലവില്‍ വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെയും ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായും ന്യൂനമർദ പാത്തി നിലനില്‍ക്കുന്നതിനാല്‍ അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പാലക്കാട്, കോഴിക്കോട്, വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, തൃശുർ, കോട്ടയം എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

ജൂലൈ 19-ന് സംസ്ഥാനത്ത് പുതിയ ന്യൂനമർദമെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞിരുന്നു. വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും. കാറ്റ് ആഞ്ഞു വീശാൻ സാധ്യതയുണ്ടെന്നും അപകടകരമായ മരച്ചില്ലകള്‍ മുറിച്ചു മാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.