ഗുണ്ടാത്തലവന്റെ വീട്ടില്‍ പിറന്നാളാഘോഷം:എട്ടു ഗുണ്ടകള്‍ കസ്‌റ്റഡിയില്‍

ഗുണ്ടാത്തലവന്റെ വീട്ടില്‍ പിറന്നാളാഘോഷ:എട്ടു ഗുണ്ടകള്‍ കസ്‌റ്റഡിയില്‍
alternatetext

വരാപ്പുഴ: ഗുണ്ടാത്തലവന്റെ വീട്ടില്‍ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ എട്ടു ഗുണ്ടകളെ വരാപ്പുഴ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കാപ്പ ചുമത്തി പോലീസ്‌ നാടുകടത്തിയ ഗുണ്ട ചേരാനല്ലൂര്‍ സ്വദേശി രാധാകൃഷ്‌ണന്‍ (രാധു) ഇപ്പോള്‍ താമസിക്കുന്ന വരാപ്പുഴ ഒളനാട്‌ പുഞ്ചക്കുഴിയിലെ വാടക വീട്ടില്‍വച്ച്‌ ഇന്നലെ പകലായിരുന്നു പിറന്നാള്‍ ആഘോഷം നടന്നത്‌. ഇതില്‍ പങ്കെടുക്കാനെത്തിയ വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണ്ടകളാണ്‌ പിടിയിലായത്‌.

തൃശൂര്‍ ചാവക്കാട്‌ ചെറുതോട്ടപ്പുറത്ത്‌ വീട്ടില്‍ അനസ്‌(25), ആലുവ തായ്‌ക്കാട്ടുകര കളത്തിപ്പറമ്ബില്‍ അര്‍ഷാദ്‌(23), ആലപ്പുഴ ഹരിപ്പാട്‌ മുട്ടം സ്വദേശികളായ എസ്‌.പി ഹൗസില്‍ സൂരജ്‌(26), വിളയില്‍ തെക്കേതില്‍ യദുകൃഷ്‌ണന്‍(27), വടുതല വെള്ളിന വീട്ടില്‍ ഷെറിന്‍ സേവ്യാര്‍ (47), കൂനംതൈ തോട്ടുപുറത്ത്‌ വീട്ടില്‍ സുധാകരന്‍ (42), പാലക്കാട്‌ ആലത്തൂര്‍ കൊക്കരക്കാട്ടില്‍ മുഹമ്മദ്‌ ഷംനാസ്‌ (28), ഏലൂര്‍ കുടിയിരിക്കല്‍ വീട്ടില്‍ വസന്തകുമാര്‍ (22)എന്നിവരെയാണ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.

പിറന്നാള്‍ പാര്‍ട്ടി ഒരു ഓഡിറ്റോറിയത്തില്‍ വച്ചു നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്‌. ഇതിനായുള്ള ക്ഷണക്കത്തും അടിച്ചു നല്‍കിയിരുന്നു. വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ പോലീസ്‌ അനുമതി നിഷേധിച്ചതോടെയാണ്‌ ഓഡിറ്റോറിയത്തില്‍ നിന്നും പാര്‍ട്ടി വാടക വീട്ടിലേക്കു മാറ്റിയത്‌. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ള കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്നുള്ള വിവരം റൂറല്‍ എസ്‌.പി വൈഭവ്‌ സക്‌സേനയ്‌ക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന്‌ പിറന്നാളാഘോഷം നടക്കുന്ന വീടിനു സമീപം വരാപ്പുഴ ഇന്‍സ്‌പെക്‌ടര്‍ പ്രശാന്ത്‌ ക്ലിന്റിന്റെ നേതൃത്വത്തില്‍ മഫ്‌തിയില്‍ ഉള്‍പ്പടെ പോലീസിനെ വിന്യസിച്ചിരുന്നു.