തൃശൂരില്‍ മിന്നല്‍ ചുഴലി

തൃശൂരില്‍ മിന്നല്‍ ചുഴലി
alternatetext

തൃശൂർ: മിന്നല്‍ ചുഴലിയില്‍ തൃശൂർ ജില്ലയില്‍ വൻ നാശനഷ്ടം. വീടുകള്‍ തകർന്നു. ചെന്ത്രാപ്പിന്നി, ചാമക്കാല, എളവള്ളി എന്നിവിടങ്ങളിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. മിന്നല്‍ ചുഴലിയില്‍ മൂന്ന് വീടുകള്‍ ഭാഗികമായി തകർന്നു. നിരവധി മരങ്ങള്‍ കടപുഴകി വീണു.

മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണതായും പ്രദേശവാസികള്‍ പറയുന്നു. എടവഴിപ്പുറത്ത് വീട്ടില്‍ മുത്തുവിന്റെ വീടിന്റെ മുകളിലേയ്ക്ക് മരം വീണതില്‍ തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. കനത്ത മഴയെത്തുടർന്ന് തൃശൂരില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മണിക്കൂറുകളില്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും കളക്‌ടർ വ്യക്തമാക്കി.

തൃശൂരിനുപുറമെ, കോഴിക്കോട്ടും നാളെ ഓറഞ്ച് അലർട്ട് നല്‍കിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലർട്ടാണ്. മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.