ഡോ വന്ദനാ ദാസ് കൊലപാതകം: പ്രതിയെ 17 ന് നേരിട്ട് ഹാജരാക്കും

ഡോ വന്ദനാ ദാസ് കൊലപാതകം: പ്രതിയെ 17 ന് നേരിട്ട് ഹാജരാക്കും
alternatetext

കൊട്ടാരക്കര ഗവ ഹോസ്പിറ്റലിൽ വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ട ഡോ വന്ദനാ ദാസ് വധക്കേസിലെ പ്രതി സന്ദീപിനെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനായി ജൂലൈ പതിനേഴാം തീയതി കോടതിയിൽ നേരിട്ട് ഹാജരാക്കുവാൻ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് ഉത്തരവിട്ടു.

കേസിൽ പ്രതിക്കെതിരെ കൊലപാതകം, വധശ്രമം അടക്കമുള്ള വകുപ്പുകൾ നിലനില്ക്കുമെന്ന് പ്രതി ഫയൽ ചെയ്ത വിടുതൽ ഹർജി തള്ളി നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഈ ഉത്തരവിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നുവെങ്കിലും കേസിൽ വിശദമായ വാദം കേട്ട ഹൈക്കോടതി പ്രതി ഫയൽ ചെയ്ത വിടുതൽ ഹർജി തള്ളിയ സെഷൻസ് കോടതി ഉത്തരവ് ശരി വെക്കുകയാണ് ചെയ്തത്.

എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുവാൻ പ്രതി ഉദ്ദേശിക്കുന്നതിനാൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതടക്കമുള്ള നടപടികൾ മാറ്റിവെക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിൽ പ്രതിയെ കോടതിയിൽ നേരിട്ട് ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്നതിന് തടസമില്ലെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ കോടതിയിൽ ചൂണ്ടിക്കാട്ടി.
തുടർന്ന് പ്രതിയെ ജൂലൈ 17 ന് കോടതിയിൽ നേരിട്ട് ഹാജരാക്കുവാൻ ജഡ്ജി ഉത്തരവിടുകയാണ് ഉണ്ടായത്.

കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.