തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി കോളറ വ്യാപനം. തിരുവനന്തപുരത്തും കാസർകോടുമായി ഇതുവരെ നാലുപേർക്ക് കോളറ സ്ഥിരീകരിച്ചു. കോളറയുടെ ഉറവിടം കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. രണ്ടുപേരുടെ സാംപിളുകള്‍ കൂടി പരിശോധക്കയച്ചിട്ടുണ്ട്. കോളറയ്ക്ക് പുറമെ പനിയും മറ്റ് അനുബന്ധ അസുഖങ്ങളും വലിയ തോതില്‍ പിടിമുറുക്കിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കെയർ ഹോമിലെ മൂന്നു കുട്ടികള്‍ക്കും കാസർകോട് ഒരാള്‍ക്കുമാണ് കോളറ സ്ഥിരീകരിച്ചത്.
ചികിത്സയിലുള്ള നാലുപേർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ല. കോളറ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുന്നവരുടെ ആരോഗ്യനിലയിലും മറ്റ് പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കെയർ ഹോമില്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്തിയെങ്കിലും കോളറയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.
ശേഖരിച്ച സാമ്ബിളുകളുടെ ശാസ്ത്രീയമായ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ രോഗ ഉറവിടം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരൂ. സംസ്ഥാനത്തിന്റെ മറ്റെവിടെയെങ്കിലും കോളറ ലക്ഷണങ്ങളോടെ ആരെങ്കിലും ചികിത്സ തേടിയിട്ടുണ്ടോയെന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. വയറിളക്കവും ഛർദിയും ഉണ്ടായാല്‍ എത്രയും വേഗം ചികിത്സ തേടണമെന്ന നിർദേശവും ആരോഗ്യവകുപ്പ് നല്കുന്നു.
പനി ബാധിക്കുന്ന രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ മൂന്ന് ദിവസമായി വലിയ വർധനയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം 13,000 ത്തിന് മുകളിലേക്ക് എത്തി. ഡെങ്കിയും എലിപ്പനിയും ബാധിച്ചുള്ള മരണ കണക്കും ആശങ്കപ്പെടുത്തുന്നു. ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക മുന്നറിയിപ്പും വകുപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം കൂടുതല്‍ ഊർജിതമാക്കും. നിലവില്‍ ഡി.എം.ഒമാരുടെ നേതൃത്വത്തില്‍ 15 അംഗ ടീമിനെയാണ് പ്രതിരോധ പ്രവർത്തനത്തിനായി നിയോഗിച്ചിരിക്കുന്നത്.