ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ പക്ഷികളുടെ വളർത്തലും വില്‍പനയും കടത്തും (അകത്തോട്ടും പുറത്തോട്ടും) 2025 മാർച്ച് വരെ നിരോധിക്കണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം. പക്ഷിപ്പനി തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വ-ദീർഘകാല പദ്ധതികളും സംഘം നിർദേശിച്ചു.
സംസ്ഥാനത്തിന് പുറത്തുനിന്ന് രോഗബാധ ഉണ്ടായിട്ടില്ലെന്ന് പഠനസംഘം വ്യക്തമാക്കുന്നു. പുറത്തുനിന്നും ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളെയോ വിരിയിക്കാൻ പാകമായ മുട്ടകളോ ആണ് കൊണ്ടുവരാറുള്ളത്. പക്ഷേ, അവക്കൊന്നും അസുഖം ബാധിച്ചില്ല. ഇവിടെ ഉണ്ടായിരുന്ന വളർച്ചയെത്തിയ പക്ഷികളെയാണ് ആദ്യം രോഗം ബാധിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിർദേശങ്ങള്‍:
1. നിരീക്ഷണ മേഖലയിലെ സർക്കാർ ഫാമുകള്‍ ഉള്‍പ്പെടെ ഹാച്ചറികള്‍ 2025 മാർച്ച് അവസാനം വരെ അടച്ചിടണം. പുതിയ താറാവുകളെയോ കോഴികളെയോ ഇക്കാലയളവുവരെ സ്റ്റോക്ക് ചെയ്യരുത്.
2. നിരീക്ഷണ മേഖലയില്‍നിന്ന് കോഴി/ താറാവ് ഇറച്ചി, മുട്ട, കാഷ്ഠം എന്നിവ 2025 മാർച്ച് അവസാനം വരെ ഒരു കാരണവശാലും പുറത്തേക്കു വില്‍ക്കരുത്.
3. ചത്ത പക്ഷികളുടെ അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കണം.
4. വൈറസിന്‍റെ ജനിതക പഠനം നടത്തണം.
5. പക്ഷിപ്പനി പ്രതിരോധത്തിനും നിയന്ത്രണത്തിനും 2021ലെ ദേശീയ കർമപദ്ധതി കർശനമായി പാലിക്കണം.