ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷയില്‍ വ്യാപകമായി ക്രമക്കേട് നടന്നെങ്കില്‍, അവസാന പോംവഴിയെന്ന നിലയില്‍ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്ന മുന്നറിയിപ്പുമായി സുപ്രീം കോടതി.ക്രമക്കേട് പരിമിതമാണെങ്കില്‍ അതിലേക്ക് കടക്കേണ്ടിവരില്ലെന്ന സൂചനയും കോടതി നല്‍കി. രണ്ടില്‍ ഏതാണ് സംഭവിച്ചതെന്ന് കോടതിക്ക് ഉത്തമബോധ്യം വരുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തീർപ്പ്. ഇതിനായി കേന്ദ്രസർക്കാരിനോടും ദേശീയ ടെസ്റ്റിംഗ് ഏജൻസിയോടും (എൻ.ടി.എ) സുപ്രീംകോടതി സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചു.
ഇതിനു ലഭിക്കുന്ന മറുപടികള്‍ വിലയിരുത്തിയശേഷം പുനഃപരീക്ഷയില്‍ കോടതി തീരുമാനമെടുക്കും. നീറ്റ് യു.ജി കൗണ്‍സലിംഗിന്റെ തല്‍സ്ഥതിയും അറിയിക്കണം. അന്വേഷണത്തിന്റെ തല്‍സ്ഥതി റിപ്പോർട്ട് സി.ബി.ഐ നാളെ സമർപ്പിക്കണം. ഹർജികള്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പരീക്ഷയുടെ പവിത്രതയെ ബാധിച്ചുവെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാല്‍, പുനഃപരീക്ഷയ്‌ക്ക് ഉത്തരവിടാൻ മാത്രം വലിയതോതില്‍ ചോർച്ചയുണ്ടായോ, ഒറ്റപ്പെട്ടതാണോ എന്ന് വിലയിരുത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിലപാടെടുത്തു.
വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ സമർപ്പിച്ച ഒരുകൂട്ടം പൊതുതാത്പര്യഹർജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ കൂടി അടങ്ങിയ മൂന്നംഗ ബെഞ്ച്. 23 ലക്ഷത്തില്‍പ്പരം വിദ്യാർത്ഥികളുടെ ജീവിതത്തെയും ഭാവിയെയും ബാധിക്കുന്ന വിഷയമാണ് തങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നെല്ലും പതിരും വേർതിരിക്കണം. വലിയതോതില്‍ ചോദ്യപേപ്പർ ചോർന്നെങ്കില്‍, ഇതിലൂടെ നേട്ടമുണ്ടാക്കിയ വിദ്യാർത്ഥികളെ വേർതിരിച്ചു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കില്‍ പുനഃപരീക്ഷയില്‍ തീരുമാനമെടുക്കേണ്ടിവരും.
ചോർത്തിയവരെയും നേട്ടമുണ്ടാക്കിയവരെയും നിഷ്‌ക്കരുണം കൈകാര്യം ചെയ്യണം. ഏതുവഴിയാണ് ചോദ്യപേപ്പർ പുറത്തുപോയതെന്ന് അറിയണം. ഇലക്‌ട്രോണിക് ഉപകരണങ്ങളിലൂടെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുമാണ് ചോർച്ചയെങ്കില്‍ അത് വ്യാപകമാകാൻ സാദ്ധ്യതയുണ്ടെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. ഫുള്‍ മാർക്കിലും കോടതിക്ക് സംശയം 720ല്‍ 720ഉം മാർക്ക് വാങ്ങിയ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ ഇതുവരെയില്ലാത്തവിധം വർദ്ധനയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. ഇവരില്‍ എത്രപേർക്ക് ഗ്രേസ് മാർക്ക് ഗുണമായെന്ന് കോടതി ചോദിച്ചു. രജിസ്റ്റർ ചെയ്‌തതിന് വ്യത്യസ്‌തമായി മറ്റൊരു സെന്ററില്‍ പരീക്ഷയെഴുതി ഉയർന്ന മാർക്ക് നേടിയവരുടെ കണക്ക് അധികൃതർ പരിശോധിക്കണം. നീറ്റില്‍ വൻമാർക്ക് നേടുകയും, പ്ലസ്ടു പരീക്ഷയില്‍ മികച്ച പ്രകടനം നടത്താതിരിക്കുകയും ചെയ്‌ത വിദ്യാർത്ഥികളുണ്ട്. ബോർഡ് പരീക്ഷയ്‌ക്ക് നീറ്റിന്റെ അത്ര കഷ്‌ടപ്പെട്ടു കാണില്ലെന്നും പറഞ്ഞു.