കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിന്റെ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണ കോടതി വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരേ നല്‍കിയ പുനപരിശോധനാ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പോലീസിന്റെ കുറ്റപത്രം പ്രാഥമികമായി നിലനില്‍ക്കുമെന്നും വിചാരണയ്‌ക്ക് വിധേയമാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
കേസിലെ വിചാരണ നടപടികള്‍ സ്‌റ്റേ ചെയ്‌തതും ഇതോടെ അസാധുവായി. അതേസമയം, പ്രതിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന നടപടിയാണു വിചാരണ കോടതി പരിഗണിക്കുന്നത്. കുറ്റപത്രം റദ്ദാക്കണമെന്നും തന്നെ ഒഴിവാക്കണമെന്നും പ്രതി സന്ദീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സന്ദീപിന്റെ ഹര്‍ജി നേരത്തെ വിചാരണക്കോടതിയും തള്ളിയിരുന്നു. ഇതു ചോദ്യംചെയ്‌താണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന ഡോ. വന്ദന ദാസ് കഴിഞ്ഞ വര്‍ഷം മേയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിക്കിടെ കൊല്ലപ്പെട്ടത്. ചികിത്സക്കായി പോലീസ് ആശുപത്രിയില്‍ എത്തിച്ച പ്രതി സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. കൊല്ലം നെടുമ്ബന യു.പി. സ്‌കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്