ചോദ്യപേപ്പർ വില്‍പ്പനയില്‍ കേസെടുത്ത് പൊലീസ്

ചോദ്യപേപ്പർ വില്‍പ്പനയില്‍ കേസെടുത്ത് പൊലീസ്
alternatetext

ചോദ്യപേപ്പർ വില്‍പ്പനയില്‍ കേസെടുത്ത് പൊലീസ്. സമൂഹമാദ്ധ്യമത്തില്‍ ഫോറിൻ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്‌സാമിനേഷന്റെ (എഫ്‌എംജിഇ) ചോദ്യപേപ്പറും ഉത്തരസൂചികയും വില്‍പ്പനയ്‌ക്കുണ്ടെന്ന പരസ്യം ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയാണ് തലസ്ഥാനത്ത് സൈബർ സെല്‍ കേസെടുത്തത്. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികള്‍ക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടി നാഷണല്‍ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് നടത്തുന്ന പരീക്ഷയാണ് എഫ്‌എംജിഇ. ഈപരീക്ഷയുടെ ചോദ്യപേപ്പർ വില്‍പ്പനയ്‌ക്കെന്ന് ടെലിഗ്രാം ഗ്രൂപ്പില്‍ പരസ്യം ചെയ്ത സംഘങ്ങള്‍ക്കെതിരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ജൂലൈ ആറിന് നടക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും ആണ് വില്‍പ്പനയ്‌ക്ക് എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ പരസ്യം ചെയ്തത്. ദി പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ആക്‌ട് 2024 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഈ നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണിത്. ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനായി ടെലിഗ്രാം ചാനലുകളിലും സമൂഹമാദ്ധ്യമങ്ങളിലും 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയതായി സൈബർ സെല്‍ അറിയിച്ചു.